2010, മാർച്ച് 16, ചൊവ്വാഴ്ച

ഇടം ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ

ജി.സി.സിയിലാദ്യമായി നടന്ന ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ ഇരു രാജ്യത്തെ ജനങ്ങൾക്കും സംഗീതത്തിന്റെയും നൃത്തത്തിന്റെയും അതിലുപരി മറ്റ്‌ പലതിന്റെയും പുതിയ ഒരു സാംസ്കാരിക അനുഭവമായിരുന്നു.
ഫെസ്റ്റിവിലിന്റെ വിവിധ കാഴ്ചകളിലൂടെ


കഴിഞ്ഞ മാർച്ച്‌ 25, 26 തിയ്യതികളിൽ ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ നാടൻ കലോത്സവം എല്ലാ അർത്ഥത്തിലും നൂതനമായ ഒരനുഭവമായിരുന്നു. ജി.സി.സിയിലാദ്യമായാണ്‌ ഇത്തരത്തിലൊരു പരിപാടി അരങ്ങേറുന്നത്‌.


നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രണ്ട്‌ സംസ്കാരങ്ങളുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള സംഗീത നൃത്തരൂപങ്ങൾ ഇന്ത്യാ ഗയ്റ്റും ഒമാനിലെ നക്കൽ ഫോർട്ടും ആലേഖനം ചെയ്യപ്പെട്ട പ്രൗഡഗംഭീരമായ സ്റ്റേജിൽ അരങ്ങിലെത്തിയപ്പോൾ അത്‌ വർഷങ്ങളായി ഒരുമിച്ചു ജോലിചെയ്യുകയും ഇടപഴകുകയും ചെയ്ത ഇന്ത്യ ഒമാൻ പൗരന്മാർക്ക്‌ കൗതുകത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവലഹരിയായി.


വൈകിട്ട്‌ 5 മണി മുതൽ തന്നെ മർഹാലാന്റിലെ വേദിയിലേക്ക്‌ ജനങ്ങൾ വന്നുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അതുപോലെ ഒമാനിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ളവരാണ്‌ സദസ്സിലെത്തിക്കൊണ്ടിരുന്നത്‌. വിദേശികളുടെയും മോശമല്ലാത്തൊരു പങ്കാളിത്തമുണ്ടായിരുന്നു. ഈ സമ്മിശ്ര പങ്കാളിത്തം സാധാരണ ഗൾഫിലുടനീളം സംഘടിപ്പിക്കപ്പെടാറുള്ള പരിപാടികളിൽ നിന്നും ഫെസ്റ്റിവിലിനുള്ള വലിയൊരു പ്രത്യേകതയായിരുന്നു.



ഇത്‌ മുൻകൂട്ടി കണ്ടു കൊണ്ടു തന്നെ ഒരുക്കിയിരുന്ന കരകൗശല ഭക്ഷണ സ്റ്റാളുകൾക്കു മുണ്ടായിരുന്നു ഈ വൈവിധ്യം. മലയാളിയുടെ കപ്പ മീൻ കറി, വടക്കെ ഇന്ത്യൻ ചാറ്റ്‌ മുതൽ ഒമാനീ പരമ്പരാഗത പലഹാരങ്ങളുടെ സ്റ്റാളുകൾ വരെ അർദ്ധരാത്രിയിൽ പോലും സജീവമായിരുന്നു.


25ന്‌ വൈകിട്ട്‌ കുറുംകുഴലോടുകൂടി ആരംഭിച്ച പരിപാടി പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാസാരാഭായി ആയിരുന്നു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌.

വേദിയുടെ മുന്നിലായി സ്ഥാപിച്ച വാഴത്തണ്ടു കൊണ്ടും കുരുത്തോല കൊണ്ടും അലങ്കരിച്ചുണ്ടാക്കിയ ദീപങ്ങൾ അതിഥികളായ മല്ലികാ സാരാഭായ്‌, അംബാസിഡർ അനിൽ വാദ്‌വ, സിനിമാ സംവിധായകൻ പ്രിയാ നന്ദനൻ, ഫ്രഞ്ച്‌ അംബാസിഡർ മല്ലികാ ബാരക്ക്‌, ഷെയ്ക്‌ കനക്‌ കിംജി, ഡോ ആസാദ്‌ മൂപ്പൻ, ഗൾഫാർ മുഹമ്മദലി തുടങ്ങിയവർ തിരി കൊളുത്തിയപ്പോൾ സദസ്സ്‌ നീണ്ട കരഘോഷത്തോടെ മാസങ്ങളായി കാതോർത്തിരുന്ന ഈ ഉത്സവ സാക്ഷാത്കാരം നെഞ്ചിലേറ്റുവാങ്ങി.


കലകള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്നു എന്നു മല്ലികാ സാരാഭായി പറഞ്ഞപ്പോൾ ഇടം ജനറല്‍ സെക്രട്ടറി ഗഫൂര്‍ വിശദീകരിച്ചത് കലകളുടെ ഉത്സവം എന്നതിലുപരി എന്തു കൊണ്ട് നാടന്‍ കലകള്‍ എന്ന തിരഞ്ഞെടുപ്പിന്റെ ഉത്തരമായിരുന്നു. ആഗോളീകരണ പ്രക്രിയ എല്ലാ അര്‍ത്ഥത്തിലും ഗതിവേഗമാര്‍ജ്ജിച്ചു വരുമ്പോള്‍ സംസ്കാരങ്ങള്‍ പരസ്പരം സ്വാധീനിക്കുക എന്നത് സ്വാഭാവികമാണ്‌. എന്നാൽ ഓരോ സംസ്കാരത്തിനും അതിന്റേതായ സ്വത്വവും അടിസ്ഥാന താളവുമുണ്ട്. ഇതാണ്‌ കലകളിലും ശീലങ്ങളിലുമല്ലാം നില നില്‍ക്കുന്ന വൈവിധ്യങ്ങളുടെ ആധാരം. ഇത് കുടികൊള്ളുന്നത് നാടന്‍ കലകളിലാണ്‌.


ഇതിനെ ഇല്ലാതാക്കിക്കൊണ്ട് ഏകസ്വരമായ ആസ്വാദന ശീലവും ലോകക്രമവും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം പലഭാഗങ്ങളില്‍ നിന്നുമുയര്‍ന്നു വരുന്നുണ്ട്. ഭക്ഷ്യ വൈവിധ്യങ്ങള്‍ മാറ്റപ്പെടുകയും ലോകത്തിലെല്ലാവര്‍ക്കും എവിടെയും ആസ്വദിക്കാന്‍ പറ്റുന്ന കെ എഫ് സി മക്‌ഡൊണാല്‍ഡ് തുടങ്ങിയ പൊതു ആസ്വാദന ശീലം രൂപീകരിക്കപ്പെടുകയും ചെയ്യുന്നതിനെ പറ്റി പറ്ഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഫ്രഞ്ച് അംബാസിഡര്‍ അടക്കമുള്ളവര്‍ കയ്യടിക്കുന്നുണ്ടായിരുന്നു എന്നതാണ്‌ കൗതുകം.

പൊതുപരിപാടിയുടെ നന്ദിപ്രകടനം കഴിഞ്ഞ് ലൈറ്റണഞ്ഞപ്പോള്‍ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തു നിന്നും മെല്ലെ ഉയര്‍ന്നു വരുന്ന പരമ്പരാഗത ഒമാനീ നാടോടീ താളത്തിലേക്കാണ്‌ സദസ്സുണര്‍ന്നത്.


കര്‍ബ എന്നു പേരുള്ള ബാഗ്പൈപ്പര്‍ പോലുള്ള ഒമാന്‍ ഫോക്ക് ഉപകരണം ലീഡ് ചെയ്യുന്നതും വളരെ നീളം കൂടിയതും കുറഞ്ഞതുമായ വ്യത്യസ്ഥ ഫോക്ക് ഡ്രമ്മുകളുടെ മേളക്കൊഴുപ്പുമുള്ള ഈ നാടോടി സംഗതത്തിലേക്കായിരുന്നു, ഈ പരമ്പരാഗത ഈണത്തിനൊത്ത് നൃത്തം ചവിട്ടിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട പതിമൂന്നോളം പേരടങ്ങുന്ന സംഘം സ്റ്റേജിലേക്കു നടന്നടുത്തപ്പോള്‍ അതിന്റെ താളത്തിനൊത്ത് സദസ്സില്‍ നിന്നും പലരും കൈകൊട്ടുകയും നൃത്തം ചെയ്യുകയുമുണ്ടായിരുന്നു.


ഒമാനിലെ സൂറിൽ നിന്നുള്ള ഈ സംഘത്തിന്റെ പരിപാടി അവസാനിക്കുമ്പോൾ വേദിയിൽ ലൈറ്റണയുകയും സ്പോട്ട് ലൈറ്റിന്റെ വലിയൊരു വൃത്തത്തിൽ ഗ്രൌണ്ടിൽ നൃത്തമാടുന്ന, കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മാത്രം മലയാളി കണ്ടു ശീലിച്ചിട്ടുള്ള തെയ്യം തെളിഞ്ഞു വന്നു.



കടും ചുവപ്പിന്റെ ഭീമാകാരമായ അലങ്കാര ഭൂഷണങ്ങളോടെ ചടുലമായ താളത്തിന്റെയും കറങ്ങി കറങ്ങിയുള്ള ചലനങ്ങളോടെയും വേദിയിലേക്ക് നീങ്ങുന്ന തെയ്യം മലയാളികൾക്ക് ഗൃഹാതുരമായ കാഴ്ചയായപ്പോൾ യൂറോപ്യൻ പൌരന്മാരടക്കമുള്ള വിദേശികൾക്ക് അങ്ങെ അറ്റം കൌതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ഡിജിറ്റൽ കാമറകളും മൊബൈൽ കാമറകളും ഉയർത്തിപ്പിടിച്ച ഒരു വലിയ സംഘം വേദി വരെ തെയ്യത്തെ പിന്തുടരുന്നുണ്ടായിരുന്നു. പടയണി അരങ്ങേറുമ്പൊഴും ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു. കേരളത്തിലെ വടകരയിൽ നിന്നും എറണാകുളത്തു നിന്നുമുള്ള കലാകാരന്മാരായിരുന്നു തെയ്യവും പടയണിയുമെല്ലാം അവതരിപ്പിച്ചത്‌.



ഹിമാചൽ പ്രദേശിൽ നിന്നുള്ള സൂത്രധാർ കലാസംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച ഹിമാചൽ ഫോക്ക് നൃത്തങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു പ്രത്യേകത. കുൾവിനാട്ടി ,മഹാസുനാട്ടി, ലാഹൌലി നൃത്തം തുടങ്ങിയ പരമ്പരാഗത ഹിമാചൽ നൃത്തരൂപങ്ങൾ വർണ്ണവൈവിധ്യമാർന്ന വസ്ത്രാലങ്കാരങ്ങൾ കൊണ്ടും, വളരെ ശ്രുതി മധുരമായ സംഗീതത്തിലൂടെ ചെറിയ ചലനങ്ങളിൽ തുടങ്ങി വികസിച്ചു വരുന്ന രീതിയിലൂടെയുംഎല്ലാവർക്കും ഒരു പോലെ കൌതുകമായി.

മസ്കറ്റിലെ നൃത്താധ്യാപികയും പ്രമുഖ നർത്തകിയുമായ പ്രമീളാ രമേശും ചെന്നൈ കലാക്ഷെത്രയിലെ കലാകാരന്മാരും ചേർന്നവതരിപ്പിച്ച ഇന്ത്യയിലെ വിവിധ സംസ്ഥ്‍ാനങ്ങളിൽ നിന്നുള്ള കുറവഞ്ചി, ഡ്യുയറ്റ് ബംഗ്ഡ, നാഗനൃത്തം, മഞ്ചുനാട്ടി തുടങ്ങിയ ഫോക്ക് നൃത്തങ്ങൾ അതിന്റെ തന്മയത്വം കൊണ്ടും പ്രൊഫഷനിലിസം കൊണ്ടും ശ്രദ്ധേയമായി. അവരവതരിപ്പിച്ച പല നൃത്തരൂപങ്ങളും മലയാളികളടക്കമുള്ളവർക്ക് പുതിയ അനുഭവമായിരുന്നു.


എന്നാൽ മദ്രാസിൽ നിന്നുള്ള ദ്രാവിഡ സംഘം സദസ്സിലൂടെയും വേദിയിലൂടെയും മാറി മാറി നീങ്ങിക്കൊണ്ടവതരിപ്പിച്ച മലയാളം തമിഴ് നാടൻപാട്ടുകളുടെ മിശ്രണം കൊണ്ടും അവരുടെ പരമ്പരാഗത വാദ്യോപകരണമായ തപ്പിന്റെ താളപ്പെരുമ കൊണ്ടും ചടുലമായ നൃത്തചുവടുകൾ കൊണ്ടും സമ്പന്നമായിരുന്നു,

ഒമാനിലെ മസ്കറ്റിൽ നിന്നുള്ള ഒമാനി നാടൻ നൃത്തരൂപം വേദി കീഴടക്കിയപ്പോൾ അത് സൂറിൽ നിന്നുള്ള കലാരൂപത്തിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു. പഞ്ചാബി ബംഗ്ടയായിരുന്നു ആദ്യദിവസത്തെ അവസാന പരിപാടി. നൃത്തം അവസാനം വേദിയിൽ നിന്നും സദസ്സിലേക്കിറങ്ങി ആസ്വാദകരും കലാകാരന്മ്‍ാരും ഒരുമിച്ചു നൃത്തം ചവിട്ടി പിരിഞ്ഞു പോവുകയായിരുന്നു


26 ന് കുറുംകുഴലോടുകൂടി വേദിയുണർന്നു. ഒമാനിലെ ബുത്‌ന പ്രവശ്യയിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ ഒമാനി ഫോക്ക് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ ഈ നൃത്തരൂപം ഗ്രൂപ്പിലെ സ്ത്രീകളണിഞ്ഞ പരമ്പരാഗത വസ്ത്രവൈവിധ്യം കൊണ്ടും ശിരസ്സിലണിഞ്ഞ തിളങ്ങുന്ന കിരീടങ്ങൾകൊണ്ടും കാഴ്ചസമ്പുഷ്ടമായിരുന്നു.


വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണ് .


ലോകപ്രശസ്ത ഒമാനീ കവി സെയ്ഫ് അൽ റഹ്ബിയുടെ അഭാവത്തിൽ യുവ കവി ഫാത്തിമ അൽശീദി പ്രഖ്യാപനം നിർവ്വഹിച്ചു. വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണന്നും സദസ്സിൽ സംസാരിച്ചു.



തുടർന്നും രക്ത ചാമുണ്ടിതെയ്യം, പടയണി, ഇടം പ്രവർത്തകരവതരിപ്പിച്ച നാടൻപാട്ട് തുടങ്ങിയവ അരങ്ങേറി. ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻപാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ഹിമാചൽ കലാകാരൻമാരവതരിപ്പിച്ച സംഗീതത്തിന്റെ പ്രത്യേകത പാട്ടിലുടനീളം നിറഞ്ഞു നിന്ന മെലഡിയുടെ മനോഹാരിതയായിരുന്നു,


ഒമാനിൽ വിവിധ തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളവതരിപ്പിച്ച ദഫ് മുട്ട് മാപ്പിള കോൽക്കളി തുടങ്ങിയവ വിവിധ സമയങ്ങലിൽ അരങ്ങിലെത്തി.



എന്നാൽ പഞ്ചാബിൽ നിന്നുള്ള കെട്ടിടതൊഴിലാളികളുടെ ബഗ്ഡ സദസ്സിനെ ഇളക്കിമറിച്ചു .താളം മുറുകിയപ്പോൾ സദസ്സിൽ നിന്നും വേദിക്കു മുന്നിലെത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം പഞ്ചാബിസംഘം നൃത്തം ചവിട്ടിയപ്പോൾ ഒമാനികളടക്കമുള്ളവർ അതിനോട് ചേർന്ന് വംശദേശ സീമകൾ മറന്ന് അലിഞ്ഞു ചേർന്ന ഒരുകൂട്ടം മനുഷ്യരുടെ അടിസ്ഥാന താളമായി ആ ആൾക്കൂട്ടം പരിണമിച്ചു.



അവസാനത്തെ പരിപാടിയായ ചിങ്കാരിമേളത്തിന്റെ ചടുലത ഏറിയും കുറഞ്ഞും വേദിയിലരങ്ങേറിയപ്പോൾ ഇടക്കു കയറിവന്ന സൂറിലെ നൃത്തസംഘം വേദിയിലെത്തിയതോടേ ലൈറ്റണഞ്ഞു. പിന്നീട്‌ ഈ ഉത്സവത്തിന്റെ പരിസ്സമാപ്തി സ്വാഭാവികമായി പ്രത്യേകാന്തരീക്ഷത്തിൽ രൂപം കൊണ്ടപോലെയായിരുന്നു.


ഗ്രൗണ്ടിലെ ദീപങ്ങളും ശബ്ദ്സംവിധാനങ്ങളുമെല്ലാം നിലച്ചു. മുകളിൽ ഉദിച്ചു നിൽക്കുന്ന നിലാവത്ത്‌ ശിങ്കാരിമേളവും ഒമാനീ വാദ്യമേളവും പതിയെ താളം കണ്ടെത്തി അതിന്റെ സമന്വയത്തിന്റെ താളത്തിൽ മറ്റ്‌ കലാകാരന്മാരും സദസ്യരും പതിയെ നൃത്തച്ചുവടു വെച്ചു വേദി വിട്ട്‌ പുറത്തേക്ക്‌ യാത്രയാവുകയായിരുന്നു.


പിന്നീട്‌ ഓരോ ഗ്രൂപ്പുകളുടെയും ബസ്സ്‌ പാർക്ക് ചെയ്ത സ്ഥലത്തും ഒട്ടേറെ സമയം എല്ലാവരും നൃത്തം ചെയ്തു. അങ്ങനെ നൃത്തം ചവിട്ടിയും പാട്ടു പാടിയും മതിവരാത്ത ഒരു പറ്റം മനുഷ്യർ പരസ്പരം യാത്രപറയാതെ രണ്ട്‌ ദിവസം നീണ്ടു നിന്ന താളങ്ങളുടെയും നാടൻപാട്ടിന്റെയും ലഹരി മനസ്സിലേറ്റി പിരിഞ്ഞുപോകുമ്പോൾ ഏതു നിമിഷവും സംഭവിക്കാൻ സാധ്യതയുള്ളതും എല്ലാമനുഷ്യർക്കും പരസ്പരം താളങ്ങളിലേക്കു ഉണരാനുമുള്ള ഫോക്കിന്റെ അനന്ത സാധ്യതകൾ താത്കാലികമായി പോലും അവസാനിക്കുന്നില്ല എന്നതും ഈ താളങ്ങൾ മനസ്സിലും ശരീരത്തിലും എപ്പോഴും നമ്മുടെയുള്ളിൽ പുനർജ്ജനിച്ചുകൊണ്ടേയിരിക്കും........


കൂടുതല്‍ ഫോട്ടൊകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2010, ഫെബ്രുവരി 21, ഞായറാഴ്‌ച

ഇടം ഇന്ത്യൻ ഒമാൻ നാടൻ കലോൽസവം.

സാംസ്കാരിക വിനിമയരംഗത്ത്‌ പുതിയകാല്‌വെപ്പുമായി ഇന്ത്യൻ ഒമാൻ നാടൻ കലോൽസവം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ഒമാനിലെ വിവിധപ്രവശ്യകളിലെയും അടിസ്ഥാന സാംസ്കാരിക സത്ത പ്രതിനിധാനം ചെയ്യുന്ന നാടൻകലകൾ ഒരു വേദിയിൽ സമന്വയിക്കുന്ന ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന്‌ കുറം-മർഹാലാന്റിൽ ഈ വരുന്ന 25, 26 തിയ്യതികളിൽ വേദി ഒരുങ്ങുകയാണ്‌. ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടൻ കലോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളായ നാടൻ കലകളെയും, ഭക്ഷ്യ വൈവിധ്യങ്ങളെയും കരകൗശലവസ്തുക്കളെയും വർഷങ്ങളായി ഇടകലർന്നു ജീവിക്കുന്ന ജനതക്ക്‌ പരസ്പരം അറിയാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഈ ഒരു സംരംഭം നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യാ ഒമാൻ ബന്ധത്തിൽ ഒരു പുതിയ സാംസ്കാരിക മുഖം തുറന്നിടുകയാണെന്ന് ഇടം.
ഒട്ടേറെ പ്രത്യേകതകളുള്ള ഈ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുന്നത്‌ പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാ സാരാഭായിയാണ്‌. ദേശീയ അവാഡ്‌ ജേതാവായ സിനിമാ സംവിധായകൻ ശ്രീ പ്രിയനന്ദനാണ്‌ പരിപാടിയിലെ മുഖ്യാതിഥി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലകളായ കുറും കുഴൽ,കോൽകളി, പടയണി, ദഫ്മുട്ട്‌, തെയ്യം, ആദിവാസി നൃത്തം, പൂരക്കളി, ശിങ്കാരി മേളം, മാപ്പിള കോൽക്കളി (കേരള). ഗർബ, ഡാണ്ടിയ (ഗുജറാത്ത്‌), കുൾവി നട്ടി, ഡുയറ്റ്‌ ഫോക്ക്‌, ലഹൗലി നൃത്തം (ഹിമാചൽ), കരം, ആദിവാസി നൃത്തം(മധ്യപ്രദേശ്‌), ദ്രാവിഡ(കേരള തമിൾ ഫോക്ക്‌), ബംഗ്ഡ (പഞ്ചാബ്‌), സന്താൾ (ബംഗാൾ), മഞ്ഞുനട്ടി (കർണ്ണാടക), കുറുവഞ്ചി (തമിൾനാട്‌), നാഗാ നൃത്തം(നാഗാലാന്റ്‌) തുടങ്ങിയ ഫോക്ക്‌ കലാരൂപങ്ങൾ കൊണ്ട്‌ വൈവിധ്യമാണ്‌. അതോടൊപ്പം ഒമാനിലെ വിവിധ പ്രവശ്യകളായ മസ്കറ്റ്‌, ദൊഫാർ, ബുത്തിന, സലാല, ശർക്കിയ്യ തുടങ്ങിയവയുടെ നാടൻ സംഗീത നൃത്ത കലാരൂപങ്ങളും കൂടി വേദിയിൽ എത്തുന്നതോടു കൂടി രണ്ട്‌ സംസ്കാരങ്ങളുടെ തനത്‌ കലകളുടെ സങ്കലനം സാധീകരിക്കപ്പെടുകയാണ്‌.

വർഷങ്ങളായി ഒമാനിൽ വർദ്ധിച്ചു വരുന്ന ഇന്ത്യൻ വംശജരുടെ സാന്നിദ്ധ്യം ജോലി വാണിജ്യം തുടങ്ങിയ ഭൗതിക ആവശ്യങ്ങളോടൊപ്പം രണ്ട്‌ രാജ്യങ്ങളെടുയും സാംസ്കാരികമൂല്യങ്ങൾ കൂടി ധനാത്മകമായി വിനിമയം ചെയ്യപ്പെടണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്‌. ഇതിനോടുള്ള ഓമാനിലെ ഇന്ത്യക്കാരുടെ ക്രിയാത്മക പ്രതികരണമാണ്‌ ഇന്ത്യൻ അംബാസിഡർ അനിൽ വാദ്‌വയുടെ നേതൃത്വത്തിൽ ഇടം ഒരുക്കുന്ന ഈ ശ്രമമെന്നും സ്ംഘാടകർ വ്യ്ക്തമാക്കി.

ഇന്ത്യൻ എംബസ്സിയുടെ താത്പര്യാർത്ഥം ഐ.സി.സി,ആർ. അതുപോലെ കേരള ഫോക്കുലോർ അക്കാദമി തുടങ്ങിയ കേന്ദ്ര സംസ്ഥാന സാംസ്കാരിക സ്ഥാപനങ്ങളാണ്‌ ഈ ഒരു വലിയ സംരംഭവുമായി സഹകരിക്കുന്നത്‌. 70തോളം വരുന്ന ഇന്ത്യൻ ഒമാൻ നാടൻ കലാകാരന്മാരാണ്‌ ഈ ഉത്സവം യാഥാർത്ഥ്യമാക്കുന്നത്‌. പ്രമുഖ നർത്തകിയും നൃത്യാഞ്ജലി മസ്കറ്റിന്റെ നടത്തിപ്പുകാരിയുമായ പ്രമീള രമേഷും കലാക്ഷേത്രയും സഹകരിച്ചു കൊണ്ട്‌ അവതരിപ്പിക്കുന്ന വിവിധ ഇന്ത്യൻ ഫോക്ക്‌ നൃത്ത രൂപങ്ങളും ഫസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകതയാണ്‌. പ്രമുഖ ഫോക്ക്‌ വിദഗ്ദ്ധനും ഗവേഷകനുമായ്‌ ഡോ: നമ്പ്യാരാണ്‌ ഈ പരിപാടിയുടെ സംവിധായകൻ.

പാവപ്പട്ട ഒമാനീ പൗരന്മാരുടെ ക്ഷേമം മുൻ നിർത്തി പ്രവർത്തിക്കുന്ന ദാർ അൽ ഹത്ത എന്ന ജീവകാരുണ്യ സംഘടനക്ക്‌ പരിപാടിയുടെ നീക്കിയിരിപ്പിന്റെ 40 ശതമാനം കൊടുക്കുന്നതിലൂടെ ഒമാൻ പൗരന്മാരുടെ ക്ഷേമ പ്രവർത്തനത്തിലും ഈ ഒരു ഉത്സവത്തിന്‌ ഭാഗമാവാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്‌.

പത്മഭൂഷൺ ഉൾപ്പെടെ ഒട്ടേറെ അവാഡുകൾക്കർഹയായ മല്ലികാ സാരാഭായി, പ്രവാസി ഭാരതീയ പുരസ്കാര ജേതാക്കളായ ശ്രീ വിർമ്മാനി, ഡോ: ആസാദ്‌ മൂപ്പൻ എന്നിവരെയും ഈ ചടങ്ങിൽ വെച്ച്‌ ആദരിക്കപ്പെടുന്നു

സമകാലിക ഒമാനി കവിതാ സമാഹാരം മലയാളത്തിന്‌ സമർപ്പിക്കുന്നു.
വ്യഖ്യാത ഇന്ത്യൻ കവി കമലാസുരയ്യയുടെ ആദ്യ ചരമവാർഷികത്തിൽ അവരുടെ സ്മരണാർത്ഥം സമകാലിക ഒമാനി കവിതകളുടെ സമാഹാരം ഇടം മസ്കറ്റ്‌ മലയാളത്തിന്‌ സമർപ്പിക്കുകയാണ്‌. പത്തോളം വരുന്ന പ്രശസ്ത ഒമാനീ കവികളുടെ മുപ്പത്‌ കവിതകളാണ്‌ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇതിന്റെ പരിഭാഷ നിർവ്വഹിക്കുന്നത്‌ കേരളത്തിലെ അറബി ഭാഷാ പരിജ്ഞാനിയും എഴുത്തുകാരനുമായ വി.എ. കബീറാണ്‌. ഈ സംരംഭത്തിന്റെ പ്രീപബ്ലിക്കേഷൻ പ്രഖ്യാപനം ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന്റെ രണ്ടാം ദിവസം ലോക പ്രശസ്ത ഒമാനീ കവി സൈഫ്‌ അൽ റഹ്ബി നിർവ്വഹിക്കുമെന്നും. ചടങ്ങിൽ ഹിലാൽ ഹാജിരി, സാഹിർ ഗാഫ്‌രി അടക്കമുള്ള ഒമാനി കവികളുടെ സാന്നിധ്യമുണ്ടാവുമെന്നും. സംഘാടകർ അറിയിച്ചു. സാഹിർ ഗാഫ്‌രിയുടെ കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കുന്നു എന്നതാണ്‌ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. കലാ സാഹിത്യ മേഖലകളിൽ രണ്ട്‌ സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകവും ആരോഗ്യപരവുമായ സംഭാഷണത്തിന്‌ തുടക്കം കുറിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇടം മസ്കറ്റ്‌ തുടങ്ങി വെക്കുന്ന ഈ ശ്രമം ഇന്തോ ഒമാൻ നാടൻ കലോത്സവം മുന്നോട്ടു വെക്കുന്ന സാസ്കാരിക വിനിമയം എന്ന ആശയം, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രണ്ട്‌ സാസ്കാരിക ധാരകളെ എല്ലാ അർത്ഥത്തിലും ആഴത്തിൽ സ്പർശ്ശിക്കുകയാണ്‌.

2010, ജനുവരി 17, ഞായറാഴ്‌ച

INDO-OMAN FOLKLORE FEST-FEB,25th,26th 2010 AT MARHA LAND QURAM


‘ ഇടം മസ്ക്കറ്റ് ’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും.

2010, ജനുവരി 6, ബുധനാഴ്‌ച

ഇടം * ഇന്തോ-ഒമാൻ നാടൻ കലോത്സവം*


സംസ്ക്കാരങ്ങളുടെ അർത്ഥം തേടി ‘ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍
പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും. ഒമാനിലെ വിവിധ സംഘടനകള്‍, ഒമാന്‍ ഇന്ത്യന്‍ എംബസ്സി, ഐ. സി. സി. ആര്‍, കേരള ഫോക്ക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മസ്ക്കറ്റിലെ ജനങ്ങളെ നാടന്‍ കലയുടെ അര്‍ഥവും ആഴവും സന്ദേശവും മനസ്സിലാക്കാന്‍ സഹായിക്കും വിധം പരിപാടി രൂപപ്പെടുത്താന്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഫോക്ക് ലോറിസ്റ്റുമായ ഡൊ. എ.കെ. നമ്പ്യാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നാടന്‍ കലോത്സവത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഒമാനിലെ പ്രശസ്ത സന്നദ്ധ സംഘടനയായ ദാര്‍ അല്‍ അത്താക്ക് കൈമാറുന്നതാണ്. സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന ദാര്‍ അല്‍ അത്താക്ക് ചെറുതെങ്കിലും നല്‍കാന്‍ കഴിയുന്ന
സഹായം അര്‍ഥപൂര്‍ണമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള നാടല്‍ കലാകാരന്മാരേയും സംഘങ്ങളേയും ഒമാനില്‍ എത്തിക്കാന്‍ എംബസ്സി വഴി ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ. സി. സി. ആര്‍)
സഹായം തേടിയിട്ടുണ്ട്. ഒമാനിലെ വിവിധ കലകളും. ഇന്ത്യയിലെ വിവിധ നാ‍ടന്‍ കലാരൂപങ്ങളും ഉത്സവ വേദിയില്‍ അരങ്ങേറും. ഒരു സ്റ്റേജില്‍ എല്ലാ നാടന്‍ കലകളും ഒന്നിച്ച് കാണാനുള്ള അപൂര്‍വ്വ അവസരം ഈ ഉത്സവം ഒരുക്കും.
നാടന്‍ കലോത്സവത്തിനു പുറമേ സമകാലിക ഒമാനി കവിതകളുടെ സമാഹാരം മലയാളത്തില്‍ ഇറക്കുന്നുണ്ട്. ഒമാനിലെ പത്ത് മുന്‍ നിര കവികളുടെ രചനകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിശ്രുത ഒമാനി കവി സയ്ഫ് അല്‍ റഹ്ബി (എഡിറ്റര്‍, നിസ് വ ലിറ്ററി ജേര്‍ണല്‍), ഡോ. ഹിലാല്‍ അല്‍ ഹജരി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി) എന്നിവരാണ് സമാഹാരത്തിലേക്കുള്ള കവിതകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കവിതകളുടെ മലയാളത്തിലേക്കുള്ള വിവര്‍ത്തനം പുരോഗമിക്കുകയാണ്.


നാടന്‍ കലകള്‍ സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്നവരുടെ ആവിഷ്കാരങ്ങളാണെന്നും അത് സംസ്ക്കാരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. ഒമാനും, ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗുജറാത്തും, മലബാറും ഒമാനും തമ്മിലുള്ള ബന്ധം വളരെ പഴയതാണെന്ന് നമുക്കറിയാം. രണ്ട് വിത്യസ്ത സംസ്ക്കാരങ്ങള്‍ സംഘട്ടനമില്ലാതെ സഹകരണത്തിലൂടേ എങ്ങിനെ നില നില്‍ക്കുന്നു എന്നതിന്റെ ശക്തമായ ഉദാഹരണമാണ് ഒമാന്‍-ഇന്ത്യാ ബന്ധവും ഇരുവിഭാഗങ്ങളുടേയും ഒമാനിലെ ഒന്നിച്ചുള്ള ജീവിതവും. ഇക്കാര്യത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കാന്‍ ഇന്തോ-ഒമാന്‍ നാടന്‍ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
മസ്ക്കറ്റിലേ മുഴുവന്‍ ജനസമൂഹവും ഈ മഹോത്സവത്തില്‍ പങ്കാളികളാവുക.


TRIBUNE OMAN - January 5, 2010


"IDAM MUSCAT" a cultral organisation of people from the India in Muscat, will organise an Indo-Oman Folk Art Festival in February in association with Indian Embassy.

കൂടുതല്‍ ഇവിടെ വായിക്കുക


മലയാള മനോരമ - January 5, 2010


സാസ്ക്കാരങ്ങളുടെ അർത്ഥം തേടി ‘ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍
പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും.

കൂടുതല്‍ ഇവിടെ വായിക്കുക


2009, ഡിസംബർ 22, ചൊവ്വാഴ്ച

INTERNATIONAL CHILDRENS DAY CELEBRATIONS

ഇടം മസ്കറ്റ് വളരെ വിശാലമായ അര്‍ത്ഥത്തില്‍ കുട്ടികളുടെ കലാസാസ്ക്കാരിക പ്രവൃത്തനത്തേയും കാണുന്നൂ എന്നതിന് തെളിവാണ് കുട്ടികളുടെ വിഭാഗമായ ഇടം ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച INTERNATIONAL CHILDRENS DAY CELEBRATIONS അതിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ദ പിടിച്ചുപറ്റി. കന്യാകുമാരി മുതല്‍ കാശ്മീര്‍വരെയുള്ള കുട്ടികള്‍ പങ്കെടുത്ത പരിപാടി കുട്ടികളുടെ ഉത്സവമായി മാറിയെന്നു തന്നെ പറയാം.


തികച്ചും കുട്ടികളാല്‍ നിയന്ത്രിക്കപ്പെട്ട പരിപാടി ഒപ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാ‍യ വൈശാഖി സുരേഷ് സ്വാഗതം പറഞ്ഞുകൊണ്ടാണ് തുടക്കം കുറിച്ചത്. അദ്ധ്യക്ഷ സ്ഥാനത്ത് ഇടം ചങ്ങാതിക്കൂട്ടം ലീഡര്‍ക്കൂടിയായ സജേഷ് വിജയനായിരുന്നു.

വളരെ ഉപരിപ്ലവങ്ങളായി സ്വന്തം സൌകര്യങ്ങളിലേക്കും, ചിന്തകളിലേക്കുമാണ് ഇന്നത്തെ കുട്ടികള്‍ പ്രത്യേകിച്ചുംഗള്‍ഫ് നാടുകളിലെ കുട്ടികള്‍ ചിന്തിക്കുന്നതെന്നും, എന്നാല്‍ ഇടം ചങ്ങാതിക്കൂട്ടത്തിലെ കുട്ടികള്‍ അത്തരത്തിലുള്ള ശീലങ്ങളില്‍ നിന്നും തീര്‍ത്തും തിരിഞ്ഞ് നടക്കേണ്ടതിന്റെ ആവശ്യകത അദ്ധ്യക്ഷ പ്രസംങ്ങത്തില്‍ സജേഷ് സൂചിപ്പിച്ചു.


വലിയ സൌകര്യങ്ങളോടെ ജീവിക്കുന്ന ഗള്‍ഫിലെ കുട്ടികള്‍ തീര്‍ച്ചയായും മനസ്സിലാക്കേണ്ട ചിലതുണ്ടെന്നും, നമ്മുടെ നാട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയും, സ്കൂളുകളില്‍ പോകാന്‍ പാടുപെടുന്നതുമായ അനേകായിരം കുട്ടികള്‍ ഉണ്ടെന്ന് അവര്‍ അറിയേണ്ടതുണ്ട്. ഉയര്‍ന്ന രീതിയിലുള്ള പടന സൌകര്യങ്ങള്‍ ലഭിക്കുന്ന ഗല്‍ഫിലെ കുട്ടികള്‍ മനസ്സിലാക്കേണ്ട മറ്റൊന്നാണ് നമ്മുടെ രാജ്യത്ത് നൂറില്‍ 70 സ്ക്കുളുകളും ഓല ഷെഡ്ഡിലാണ് ഇന്ന് നില്‍ക്കുന്നത്.

നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യേണ്ടത് നമ്മുടെ ആവശ്യകതയാണ്. ഇടം ചങ്ങാതിക്കുട്ടം ഇത്തരത്തിലുള്ള പ്രവൃത്തനങ്ങള്‍ ഏറ്റെടുക്കുകയും അതിന്റെ പ്രവൃത്തനങ്ങളായി മുന്നോട്ട് പോകേണ്ടതും, ഈ സന്ദര്‍ഭത്തില്‍ നമ്മുടെ കുട്ടികളെ ഓര്‍മ്മപ്പെടുത്തേണ്ടതാണെന്ന് സജേഷ് പറയുകയുണ്ടായി. ഇടം എന്ന സംഘടനയുടെ കാഴ്ചപ്പാടിനെ ആകെ പ്രതിഫലിക്കുന്നതായിരുന്നു വിജേഷ് വിജയന്റെ അദ്ദ്യക്ഷ പ്രസംഗം.

Childrend Day Celebrations ഉദ്ഘാടനം ചെയ്തത് For Special Education വിദ്ദ്യാര്‍ഥിയായ
സായി ശരണ്‍ ആയിരുന്നു. തന്നെപ്പോലെയുള്ള ഒരു കുട്ടിയെ ഉത്ഘാടനത്തിന് പരിഗണിച്ചതില്‍ തന്റെ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്ക് ഇടം എന്ന സംഘടന നല്‍കിയ വലിയ അംഗീകാരമാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ സായി പറയുകയുണ്ടായി.



നിറഞ്ഞ സദസ്സില്‍ അവതരിക്കപ്പെട്ട പരിപാടി ആസ്വദിക്കാനെത്തിയവര്‍ ആകട്ടെ കാശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെ എന്ന രീതിയില്‍ ഇന്ത്യയുടെ തന്നെ പരിശ്ചേതം ആയിരുന്നു. ഇത്തരത്തില്‍ വിത്യസ്ത സമൂഹങ്ങളുടെ കൂട്ടായ്മ ഉയര്‍ത്തിക്കാട്ടിയ പരിപാടികള്‍ വിരളമായേ മസ്ക്കറ്റില്‍ സംഘടിപ്പിക്കാറുള്ളുയെന്ന് പലരും രേഖപ്പെടുത്തിയത് ശ്രദ്ദേയമായി.പരിപാടികള്‍ വിജയമാക്കിത്തീര്‍ത്ത മസ്ക്കറ്റിലെ മുഴുവന്‍ കുട്ടികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കുംചങ്ങാതിക്കുട്ടം അംഗമായ ഡയാന നന്ദി പ്രകാശിപ്പിച്ചു.

ഇടം മസ്ക്കറ്റിലെ കുട്ടികളോടൊപ്പം മസ്ക്കറ്റിലെ വിവിധ സ്കൂളിലേയും, കലാ ഇന്‍സ്റ്റിറ്റൂട്ടുകളിലെ കുട്ടികളും പങ്കെടുത്ത പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയ്യും ചെയ്തു.

2009, ഡിസംബർ 8, ചൊവ്വാഴ്ച

ശ്രീനാരായണ സ്മരണയും സെമിനാറും


ഇടം മസ്കറ്റ്‌ ശ്രീനാരായണ സ്മരണയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറും ഗുരു സ്മരണ പ്രഭാഷണവും ശ്രദ്ധേയമായി. "നവ സാമൂഹ്യ പ്രസ്ഥാനങ്ങൾ ശക്തിയും ദൗർബല്യവും" എന്ന വിഷയത്തിൽ അവതരിപ്പിക്കട്ട സെമിനാർ ആഗോളാടിസ്ഥാനത്തിൽ പുതുതായി രൂപം കൊണ്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രശ്നങ്ങളും വിശദവിധേയമാക്കുന്ന ചൂടേറിയ ചർച്ചകൾക്ക്‌ തിരികൊളുത്തി.


മോഡറേറ്റർ ഹമീദ്‌ ചേന്നമംഗലൂർ പുതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രതിനിധാനം ചെയ്യുന്ന ദളിത്‌, സ്ത്രീ, പരിസ്ഥിതി മേഖലകളിൽ പുതിയ കാലഘട്ടത്തിൽ ഉയർന്നു വന്നൂകൊണ്ടിരിക്കുന്ന ഗൗരവമായ പ്രശ്നങ്ങളിൽ ഈ സെമിനാറിലെ തുടർന്നു വരാൻ പോകുന്ന പ്രബന്ധങ്ങളും ചർച്ചയും ഏത്‌ രീതിയിൽ പുരോഗമിക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ചു.തുടർന്ന് അവതരിപ്പിക്കപ്പട്ട ടി.എൻ. ജോയിയുടെ പ്രബന്ധത്തിൽ പുതു സാമൂഹിക പ്രസ്ഥാനങ്ങൾ രൂപം കൊണ്ട സാമൂഹിക രാഷ്ട്രീയ പരിസരങ്ങളെക്കുറിച്ചും അത്‌ ചെന്ന് വഴുതി വീഴാൻ സാധ്യതയുള്ള വലതുപക്ഷ അനുകൂല രാഷ്ട്രീയ ഭൂമികയെക്കുറിച്ചും വ്യക്തമായ മുന്നറിയിപ്പ്‌ തന്നു.


സ്ത്രീ വിമോചന നവ സാമൂഹിക പ്രസ്ഥാനങ്ങളെ അധികരിച്ച്‌ തുടർന്നു സംസാരിച്ച ഡോ ദേവിക ആധുനിക ലോകക്രമത്തിൽ രൂപം കൊണ്ട രാഷ്ട്രീയ സാമൂഹിക പരിസരങ്ങളിൽ ഇതുവരെയുള്ള സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രഥമ പരിഗണന നൽകിയ ഭരണകൂടം എന്ന സ്ഥാപനവുമായുള്ള പ്രതിരോധ പ്രവർത്തനത്തേക്കാൾ നവ സമൂഹിക പ്രസ്ഥാനങ്ങളുടെ പരിഗണന അധികാര ബന്ധിതമായ വിപണി, കുടുംബം, ജോലിയിടങ്ങൾ തുടങ്ങിയവയുടെ ജനാധിപത്യവൽക്കരണത്തിലാണന്നു ചൂണ്ടിക്കാണിച്ചു.



തുടർന്നു ദളിത്‌ രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ച്‌ പ്രബന്ധമവതരിപ്പിച്ചു കൊണ്ട്‌ സംസാരിച്ച ദിലീപ്‌ രാജ്‌, നവോത്ഥാന ചരിത്രം മുതൽ ഇടതു രാഷ്ട്രീയം കൈവരിച്ച ജനകീയ മുന്നേറ്റങ്ങളിലൊന്നും കേരളത്തിലെ ആദിവാസി ദളിത്‌ സമൂഹം അവഗണിക്കപ്പെടുകയായിരുന്നു എന്ന യാഥാർത്ഥ്യം വസ്തുതകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുത്തുകയും. അതുകൊണ്ട്‌ തന്നയാണ്‌ സി.കെ ജാനുവിന്റെ ആദിവാസി സമരം ഉൾപ്പടെ ളാഹ ഗോപാലന്റെ ചെങ്ങറ സമരം വരെ എത്തി നിൽക്കുന്ന കേരള ദളിത്‌ രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടാൻ നിർബന്ധിക്കപ്പട്ട സാമൂഹിക രാഷ്ട്രീയ പരിസരം രൂപപ്പെട്ടത്‌ എന്ന് ഓർമ്മപ്പെടുത്തി.


തുടർന്നു പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചു സംസാരിച്ച ഡോ: കാദർ ആഗോള താപനമടക്കമുള്ള പ്രശ്നങ്ങൾ ആഗോള മനുഷ്യസമൂഹത്തിന്റെ മൊത്തം പ്രശ്നമാണന്നിരിക്കെ ഈ പ്രശ്നങ്ങളെ സൂഷ്മാഖ്യാനങ്ങളിൽ മാത്രം ഊന്നി എങ്ങനെ പരിഹരിക്കാൻ കഴിയും എന്ന സ്ന്ദേഹം പങ്കുവെച്ചു.


തുടർന്നു ചർച്ചകളെ സമാഹരിച്ച്‌ സംസാരിച്ച മോഡറേറ്റർ ഹമീദ്‌ ചേന്നമങ്ങലൂർ എല്ലാ സൂക്ഷ്മാഖ്യാനങ്ങൾക്കും ഒരു ബൃഹതാഖ്യാനത്തിന്റെ രാഷ്ട്രീയ ദാർശ്ശനിക ബോധത്തിന്റെ ഉള്ളിൽ നിന്നു മാത്രമെ പ്രവർത്തനം സാധ്യമാവൂ എന്നും. മുതലാളിത്തത്തെ കറുത്ത മുതലാളിത്തം കൊണ്ടും വർണ്ണ വെറിയെ കറുത്ത വർണ്ണ വെറികൊണ്ടും നേരിടാനാവില്ല എന്നും അമേരിക്കയിലെ ബ്ലാക്ക്‌ മുവ്മന്റിന്റെ തിരിച്ചറിവിനെ മുൻ നിർത്തി ഉപസംഹരിച്ചു.



രാഷ്ട്രീയ സാമൂഹ്യ മണ്ടഡലങ്ങളെ ബാധിക്കുന്ന ഗൌരവതരമായ അനേകം പ്രശ്നങ്ങള്‍
ചര്‍ച്ച ചെയ്യപ്പെട്ട സെമിനാര്‍ ശ്രോതാക്കളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി.
പല നിഗമനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ഒമാനിലെ പ്രവാസി സമൂഹത്തിന് തീര്‍ത്തും
വ്യത്യസ്തമായ ഒരനുഭവമായിരുന്നു ദിവസം മുഴുവന്‍ നീണ്ടുനിന്ന സെമിനാറും, ചര്‍ച്ചകളും.



തുടര്‍ന്ന് ജയപ്രകാശ് കുളൂര്‍ രചനയും, സംവിധാനവും നിര്‍വ്വഹിച്ച ദുബായ് ഫ്ലാറ്റ് ഫോറം
തിയ്യേറ്ററിന്റെ “പാലം” ഇടം മെമ്പര്‍ സുധി അവതരിപ്പിച്ച “വെളിച്ചെണ്ണ“ എന്നീ രണ്ട്
ലഘു നാടകങ്ങളും അരങ്ങേറി.


2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

മലയാളം ന്യൂസ് - ഒക്ടോബര്‍ 13, 2009

പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും സംവാദത്തിന് ഇടം നല്‍കുന്ന വിധത്തില്‍
രാഷ്ട്രീയം പുനംക്രമീകരിക്കണമെന്ന് സ്ത്രീപക്ഷ ചിന്തകയായ ഡോ. ജെ. ദേവിക
ഇടം സംഘടിപ്പിച്ച ശ്രീ നാരായണ സ്മരണയോടനുബന്ധിച്ച് നടന്ന
നവസാമൂഹ്യ പ്രസ്ഥാനങ്ങളിലെ സ്ത്രീസാന്നിധ്യം
എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറയുകയുണ്ടായി
കൂടുതല്‍ ഇവിടെ വായിക്കുക

മലയാളം ന്യൂസ് - ഒക്ടോബര്‍ 11, 2009


ദേശീയ സാംസ്കാരിക മൂലധനത്തിന്റെ ഭാഗമായി

ന്യൂനപക്ഷ സാംസക്കാരിക മൂലധനം പരിഗണിക്കപ്പെടണം -ഹമീദ് ചേന്ദമംഗല്ലൂര്‍

കൂടുതല്‍ ഇവിടെ വായിക്കുക
http://docs.google.com/Doc?docid=0Af21lsB-cDJcZGc4eHg5c3RfNGc1bndubWM2&hl=en

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

SREE NARAYANA SMARANA

IDAM MUSCAT organizes Seminar and lecture on 9th October 2009,
in memory of the great renaissance leader of Kerala , SREE NARAYANA GURU.
Seminar, on Neo Social Movements- Strength and Weakness,
attended by J. DevIka , Dileep Raj and Dr. Abdul Kader,
Time 9AM to 5PM Lunch at 1PM.
The subject of the Lecture will be Multiculturalism and Society by
eminent writer and social critic Hameed Chendamangaloor
at 8PM Programs will be held at Al Maasa hall Ruwi.


SEMINAR

Neo Social Movements – Strength and weakness

Moderator: Hameed Chendamangaloor

Writer and Socio-Political thinker

Papers presented by:

J. Devika

Director Center for Development studiesTrivandrum.

T.N. Joy

A socio political observer and work as a Beauty Consultant in Kerala.

Dileep raj

Writer engaged in studies of Neo Social movements and runs Book Port Kochi.

Dr. Abdul Kader

Environmental activist working in Dubai


**************

Lecture:

Multiculturalism and Society

Hameed ChendaMangaloor


For seminar delegate registration
please contact Mrs. Deepti - 957 11 271

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധി സ്മരണയിൽ ഇടം രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും നടന്നു.


'എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം' എന്ന് പറയാൻ കെല്‌പുള്ള എത്ര ചരിത്ര പുരുഷന്മാർ നമുക്കുണ്ടായിരുന്നു?. ഇവിടെയാണ്‌ ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ്‌ മഹാത്മാഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവൻ മറ്റുള്ളവരുടെ സന്തോഷത്തിനും അവർക്ക്‌ ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റിവെച്ച ആ മഹാത്മാവിന്റെ സ്മരണയിൽ ഒക്ടോബർ രണ്ടിന്‌ റൂവിയിലെ അൽമാസാ ഹാളിൽ ഇടം മസ്കറ്റ്‌ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും വർദ്ധിച്ച പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.


നേഷണൽ അസോസിയേഷൻ ഓഫ്‌ കാൻസർ അവയർന്നസ്സ്‌ മേധാവി ഡോ: യെത്തൂർ മുഹമ്മദ്‌ അൽ റവാഹി ഉദ്ഘാടനം നിർവ്വഹിച്ച ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത 'Joy of giving week ' ന്റെ ഭാഗമായി കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക്‌ ഉയർത്താൻ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന്‌ തുടക്കം കുറിക്കലായിരുന്നു

കുട്ടികൾ തങ്ങൾക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണിയിൽ നിന്ന് മാറ്റിവെക്കുന്ന സംഖ്യ ലോകത്തിന്റെ ഏതെങ്കിലും കോണുകളിൽ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ തള്ളപ്പെട്ട ദുരിത ബാല്യത്തിന്‌ വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവൻ സഹജാവബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദപൂർവ്വമായ ഒരു നവീകരിക്കപ്പെട്ട മാനസ്സിലേക്ക് ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വർത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണപ്പെട്ടിയിൽ സംഭാവന ഏറ്റു വാങ്ങിക്കൊണ്ട്‌ ഈ പദ്ധതിയും മുഖ്യാഥിതിയായ ഡോ: യെത്തൂർ മുഹമ്മദ്‌ അൽ റവാഹി ഉദ്ഘാടനം നിർവ്വഹിച്ചു.

ഡോ: അശോകിന്റെയും ഡോ:ബിനോയിയുടെയും നേതൃത്വത്തിൽ നടന്ന ഡയബറ്റിക്‌ ബോധവത്കരണ ക്ലാസ്സും ഡയബറ്റിക്‌ രോഗികൾക്കായ്‌ ഒരുക്കിയ ഡയബറ്റിക്‌ ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി.

ഇടം ഓണം - ഈദ്‌ ആഘോഷിച്ചു


ജാതി മതം രാഷ്ട്രീയം തുടങ്ങിയ എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു കൊണ്ട്‌ കേരളത്തിലെയും മറ്റ്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലും താമസിക്കുന്ന മലയാളികൾ ഒന്നാവുന്ന ഒരാഘോഷം എന്ന നിലക്ക്‌ ഓണം ഒട്ടേറെ പ്രത്യേകതകളുള്ള മലയാളിയുടെ സ്വന്തം ആഘോഷമാണ്‌. എന്നാൽ പ്രവാസികളായ മലയാളികൾക്ക്‌ പ്രത്യേകിച്ചും ഓണം വളരെ ഗൃഹാതുരമായ ഓർമ്മകളുടെ പൂക്കളമാണ്‌. വ്രത ശുദ്ധിയുടെ മാസത്തിന്‌ പരിസമാപ്തികുറിച്ചുകൊണ്ട്‌ സമാഗതമായ ഈദും കൂടി വന്നതോടു കൂടി ഇടത്തിന്റെ ഓണം ഈദ്‌ ആഘോഷം പ്രവർത്തകർക്ക്‌ ഇരട്ടി മധുരമുള്ള ഒരനുഭവമായി.


ബർക്കയിലെ മനോഹരമായ ഫാമിൽ വെച്ചായിരുന്നു ഒട്ടനവധി അവിസ്മരണീയ മുഹൂർത്തങ്ങളിലൂടെ കടന്നു പോയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്‌. പരിപാടിയുടെ തലേന്നു രാത്രിതന്നെ സദ്യയടക്കമുള്ള ഒരുക്കങ്ങൾക്ക്‌ ഇടം പ്രവർത്തകർ അവിടെ സന്നിഹിതരായിരുന്നു.


ഓണം ദിവസം രാവിലെ തുടങ്ങിയ ആഘോഷപരിപാടികളിൽ ഇടം അംഗങ്ങളും അതിഥികളും അടക്കം നാനൂറോളം പേർ പങ്കാളികളായിരുന്നു. ഓണപ്പാട്ടുകൾ, കവിതകൾ, നൃത്തങ്ങൾ തുടങ്ങിയ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും അത്യന്തം ഉത്സാഹത്തോടെയാണ്‌ പങ്കെടുത്തത്‌. എല്ലാ അർത്ഥത്തിലും തുടക്കം മുതൽ അവസാനം വരെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം നില നിന്നിരൂന്ന ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത ഉറിയടി എന്ന നാടൻ കലാരൂപത്തിന്റെ ആവിഷ്ക്കാരം, കുട്ടികളും മുതിർന്നവരും പ്രായഭേദമന്യേ പങ്കെടുത്ത വ്യത്യസ്ഥമായ കളികൾ, കമ്പവലി തുടങ്ങിയവയായിരുന്നു.


വൈകിട്ട്‌ അവസാനിച്ച ഓണം ഈദ്‌ ആഘോഷം പങ്കടുത്ത എല്ലാവർക്കും തന്നെ നല്ലൊരനുഭവമായിരുന്നു.