അനുശോചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുശോചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

കാക്കനാടന്റെ നിര്യാണത്തില്‍ ഇടം അനുശോചിച്ചു


പ്രമുഖ സാഹിത്യകാരന്‍ കാക്കനാടന്റെ വിയോഗത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു. പരമ്പരാഗത മൂല്യസങ്കല്‌പങ്ങളെ മത്രമല്ല സാഹിത്യത്തിരചനയില്‍ നിലവില്‍ പുലര്‍ത്തിപ്പോന്ന ഭാഷയുടെ ലാവണ്യ സങ്കല്പങ്ങളെത്തന്നെ അദ്ദേഹം പലപ്പോഴും വെല്ലുവിളിച്ചു. സാമൂഹിക സാംസ്കാരിക ജീവിതത്തിനും രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കും സംഭവിക്കുന്ന വിപത്തുകളെ അദ്ദേഹം യാതൊരു സന്ധിയുമില്ലാതെത്തന്നെ വളരെ തീഷ്ണമായ് വെളിപ്പെടുത്തി. നമ്മുടെ ചിന്തകളില്‍ പലപ്പോഴും പ്രകോപനങ്ങള്‍ സൃഷ്ടിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനും കാക്കനടന്‌ കഴിഞ്ഞു. ഇത്തരത്തില്‍ മലയാള സാഹിത്യത്തില്‍ ആധുനികതയുടെ ശില്‌പികളില്‍ പ്രധാനിയായ കാക്കനാടന്റെ വിയോഗം ഏറെ വിഷമിപ്പിക്കുന്നതാണെന്ന് ഇടം അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ ഇടം അനുശോചിച്ചു.



പ്രമുഖ സംഗീത സം‌വിധായകന്‍ ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ മസ്കറ്റിലെ സാസ്കാരിക ഇടം കൂട്ടായ്മ അനുശോചിച്ചു. മലയാള സിനിമാ സംഗീതത്തില്‍ നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും മലയാളിയുടെ സംഗീത പാരമ്പര്യത്തിന്റെ തുടര്‍ച്ച സൂക്ഷിക്കാന്‍ ജോണ്‍സണ്‍ എന്ന സംഗീത പ്രതിഭക്ക് കഴിഞ്ഞു. സിനിമാ സംഗീതത്തില്‍ പശ്ചാത്തല സംഗീതത്തെ രചനയുടെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ച ജോണ്‍സണ്‍ പത്മരാജന്‍ ഭരതന്‍ തുടങ്ങിയ യശശ്ശരീരയായ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് സംഗീതത്തിന്റെ അപൂര്വ്വ പ്രപഞ്ചം സമ്മാനിക്കുന്നതിലൂടെ അവരുടെ കലാസൃഷ്ടിയുടെ ആസ്വാദനത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ ജോണ്‍സണ്‌ കഴിഞ്ഞു. ജോണ്‍സണ്‍ വിട വാങ്ങുമ്പോള്‍ മലയാള സിനിമാ സംഗീതത്തിന്‌ നഷ്ടപ്പെടുന്നത് മലയാളി നെഞ്ചിലേറ്റുന്ന ഒട്ടനവധി ഹൃദയ സ്പര്‍ശ്ശിയായ ഈണങ്ങളുടെ തുടര്‍ച്ചയാണ്‌ എന്നും ഇടം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു.



പ്രമുഖ കഥാകൃത്തും ദളിത് ചിന്തകനുമായ പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു. ദളിത് സാഹിത്യത്തിനും ദളിതെഴുത്തിനും പുതിയ ഭാഷ്യവും ദിശാബോധവും നല്‌കുന്നതില്‍ ചരിത്രപരമഅയ പങ്കു വഹിച്ച അയ്യപ്പന്റെ കൃതികള്‍ എന്നും കൃത്യമായ ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവയായിരുന്നു. ദലിത് അനുഭവ പ്രപഞ്ചത്തെ മുഖ്യധാരയിലേക്കു എത്തിക്കുക വഴി പാര്‍ശ്വവല്‌കരിക്കപ്പട്ട വലിയ ജന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ അദ്ദേഹം സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ കൊണ്ടുവന്നു. നീണ്ട തന്റെ സാഹിത്യ ജീവിതത്തിനു അവസാനം കുറിച്ചു കൊണ്ട് സി. അയ്യപ്പന്‍ വിട വാങ്ങുമ്പോള്‍ മലയാള സാഹിത്യത്തിന്‌ നഷ്ടമാവുന്നത് പകരം വെക്കാനില്ലാത്ത അപൂര്വ്വ പ്രതിഭയെയാണന്നും ഇടം മസ്ക്റ്റ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കവി അയ്യപ്പന് ഇടത്തിന്റെ ആദരാഞ്ജലികള്‍

ഇന്നലെ അന്തരിച്ച കവി എ. അയ്യപ്പന്റെ അപ്രതീക്ഷിത നിര്യാണത്തിൽ ഇടം മസ്കറ്റ് അനുശോചിച്ചു. ആധുനികതക്ക് ശേഷം മലയാ‍ള കവിതയിൽ നൂതനമായ ഒരു കാവ്യ പാരമ്പര്യത്തിനു തുടക്കം കുറിച്ച കവിയായിരുന്നു അയ്യപ്പൻ. അഗ്നിയുടെ വകഭേദങ്ങളായ് സൂര്യനും ഗ്രീഷ്മകാലവും മഞ്ഞനിറവും നിറഞ്ഞു കത്തുന്ന ഒരു ലോകത്തു നിന്നാണ് മൌനം ചീഞ്ഞു നാറുന്ന ശവവും വാക്ക് നഗ്നനായ് എരിയുന്ന നരനുമാണെന്ന തിരിച്ചറിവ് അയ്യപ്പൻ പകർന്നു നൽകിയത്. എവിടെയും തീയാണ്. ആജ്ഞയും സാന്ത്വനവും പകർന്ന ഗ്രന്ഥപ്പുരക്കു തീപിടിക്കുന്നു. പുകയും തീയും പുസ്തകങ്ങളും പൊള്ളുന്ന മനുഷ്യനും എന്ന് പാ‍ർശ്വവത്കരിക്കപ്പെട്ടവന്റെ ആധുനിക ജീവിതം നിർവചിച്ച കവി, നോവുകളല്ലാം പൂവുകളാണ് എന്ന് അവരെ സന്ത്വനിപ്പിച്ചു. ഈ അർത്ഥത്തിൽ മലയാള കവിതക്ക് കാലം ആവശ്യപ്പെടുന്ന ദിശാ ബോധം പകർന്നു നൽകി തെരുവിന്റെ പ്രധിനിധിയായ് ജീവിച്ച പ്രിയ കവിയ്ക്ക് തെരുവ് തന്നെ മരണ ശയ്യയൊരുക്കുമ്പൊൾ കാവ്യലോകത്തിന് നഷ്ടമാകുന്നത് അഗ്നി രക്ഷോപായവും സൌന്ദര്യവുമാണന്നും രക്തം സത്യവും നോവുമാണന്നും അനാഥത്വം പുതിയ പന്തങ്ങൾ കൊളുത്തേണ്ട ഇരുളുമാണന്നും നമ്മെ ഇടക്കിടെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ഒരു വലിയ മനുഷ്യനെ തന്നെയാണന്ന് ഇടം അനുശോചനക്കുറിപ്പിൽ വ്യക്തമാ‍ക്കി.