2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കവി അയ്യപ്പന് ഇടത്തിന്റെ ആദരാഞ്ജലികള്‍

ഇന്നലെ അന്തരിച്ച കവി എ. അയ്യപ്പന്റെ അപ്രതീക്ഷിത നിര്യാണത്തിൽ ഇടം മസ്കറ്റ് അനുശോചിച്ചു. ആധുനികതക്ക് ശേഷം മലയാ‍ള കവിതയിൽ നൂതനമായ ഒരു കാവ്യ പാരമ്പര്യത്തിനു തുടക്കം കുറിച്ച കവിയായിരുന്നു അയ്യപ്പൻ. അഗ്നിയുടെ വകഭേദങ്ങളായ് സൂര്യനും ഗ്രീഷ്മകാലവും മഞ്ഞനിറവും നിറഞ്ഞു കത്തുന്ന ഒരു ലോകത്തു നിന്നാണ് മൌനം ചീഞ്ഞു നാറുന്ന ശവവും വാക്ക് നഗ്നനായ് എരിയുന്ന നരനുമാണെന്ന തിരിച്ചറിവ് അയ്യപ്പൻ പകർന്നു നൽകിയത്. എവിടെയും തീയാണ്. ആജ്ഞയും സാന്ത്വനവും പകർന്ന ഗ്രന്ഥപ്പുരക്കു തീപിടിക്കുന്നു. പുകയും തീയും പുസ്തകങ്ങളും പൊള്ളുന്ന മനുഷ്യനും എന്ന് പാ‍ർശ്വവത്കരിക്കപ്പെട്ടവന്റെ ആധുനിക ജീവിതം നിർവചിച്ച കവി, നോവുകളല്ലാം പൂവുകളാണ് എന്ന് അവരെ സന്ത്വനിപ്പിച്ചു. ഈ അർത്ഥത്തിൽ മലയാള കവിതക്ക് കാലം ആവശ്യപ്പെടുന്ന ദിശാ ബോധം പകർന്നു നൽകി തെരുവിന്റെ പ്രധിനിധിയായ് ജീവിച്ച പ്രിയ കവിയ്ക്ക് തെരുവ് തന്നെ മരണ ശയ്യയൊരുക്കുമ്പൊൾ കാവ്യലോകത്തിന് നഷ്ടമാകുന്നത് അഗ്നി രക്ഷോപായവും സൌന്ദര്യവുമാണന്നും രക്തം സത്യവും നോവുമാണന്നും അനാഥത്വം പുതിയ പന്തങ്ങൾ കൊളുത്തേണ്ട ഇരുളുമാണന്നും നമ്മെ ഇടക്കിടെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ഒരു വലിയ മനുഷ്യനെ തന്നെയാണന്ന് ഇടം അനുശോചനക്കുറിപ്പിൽ വ്യക്തമാ‍ക്കി.