2010, ജനുവരി 6, ബുധനാഴ്‌ച

ഇടം * ഇന്തോ-ഒമാൻ നാടൻ കലോത്സവം*


സംസ്ക്കാരങ്ങളുടെ അർത്ഥം തേടി ‘ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍
പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും. ഒമാനിലെ വിവിധ സംഘടനകള്‍, ഒമാന്‍ ഇന്ത്യന്‍ എംബസ്സി, ഐ. സി. സി. ആര്‍, കേരള ഫോക്ക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മസ്ക്കറ്റിലെ ജനങ്ങളെ നാടന്‍ കലയുടെ അര്‍ഥവും ആഴവും സന്ദേശവും മനസ്സിലാക്കാന്‍ സഹായിക്കും വിധം പരിപാടി രൂപപ്പെടുത്താന്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഫോക്ക് ലോറിസ്റ്റുമായ ഡൊ. എ.കെ. നമ്പ്യാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നാടന്‍ കലോത്സവത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഒമാനിലെ പ്രശസ്ത സന്നദ്ധ സംഘടനയായ ദാര്‍ അല്‍ അത്താക്ക് കൈമാറുന്നതാണ്. സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന ദാര്‍ അല്‍ അത്താക്ക് ചെറുതെങ്കിലും നല്‍കാന്‍ കഴിയുന്ന
സഹായം അര്‍ഥപൂര്‍ണമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള നാടല്‍ കലാകാരന്മാരേയും സംഘങ്ങളേയും ഒമാനില്‍ എത്തിക്കാന്‍ എംബസ്സി വഴി ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ. സി. സി. ആര്‍)
സഹായം തേടിയിട്ടുണ്ട്. ഒമാനിലെ വിവിധ കലകളും. ഇന്ത്യയിലെ വിവിധ നാ‍ടന്‍ കലാരൂപങ്ങളും ഉത്സവ വേദിയില്‍ അരങ്ങേറും. ഒരു സ്റ്റേജില്‍ എല്ലാ നാടന്‍ കലകളും ഒന്നിച്ച് കാണാനുള്ള അപൂര്‍വ്വ അവസരം ഈ ഉത്സവം ഒരുക്കും.
നാടന്‍ കലോത്സവത്തിനു പുറമേ സമകാലിക ഒമാനി കവിതകളുടെ സമാഹാരം മലയാളത്തില്‍ ഇറക്കുന്നുണ്ട്. ഒമാനിലെ പത്ത് മുന്‍ നിര കവികളുടെ രചനകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിശ്രുത ഒമാനി കവി സയ്ഫ് അല്‍ റഹ്ബി (എഡിറ്റര്‍, നിസ് വ ലിറ്ററി ജേര്‍ണല്‍), ഡോ. ഹിലാല്‍ അല്‍ ഹജരി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി) എന്നിവരാണ് സമാഹാരത്തിലേക്കുള്ള കവിതകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കവിതകളുടെ മലയാളത്തിലേക്കുള്ള വിവര്‍ത്തനം പുരോഗമിക്കുകയാണ്.


നാടന്‍ കലകള്‍ സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്നവരുടെ ആവിഷ്കാരങ്ങളാണെന്നും അത് സംസ്ക്കാരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. ഒമാനും, ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗുജറാത്തും, മലബാറും ഒമാനും തമ്മിലുള്ള ബന്ധം വളരെ പഴയതാണെന്ന് നമുക്കറിയാം. രണ്ട് വിത്യസ്ത സംസ്ക്കാരങ്ങള്‍ സംഘട്ടനമില്ലാതെ സഹകരണത്തിലൂടേ എങ്ങിനെ നില നില്‍ക്കുന്നു എന്നതിന്റെ ശക്തമായ ഉദാഹരണമാണ് ഒമാന്‍-ഇന്ത്യാ ബന്ധവും ഇരുവിഭാഗങ്ങളുടേയും ഒമാനിലെ ഒന്നിച്ചുള്ള ജീവിതവും. ഇക്കാര്യത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കാന്‍ ഇന്തോ-ഒമാന്‍ നാടന്‍ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
മസ്ക്കറ്റിലേ മുഴുവന്‍ ജനസമൂഹവും ഈ മഹോത്സവത്തില്‍ പങ്കാളികളാവുക.


അഭിപ്രായങ്ങളൊന്നുമില്ല: