2010, നവംബർ 10, ബുധനാഴ്‌ച

അറബ്-മലയാളം സാംസ്‌കാരികവിനിമയം നിലച്ചമട്ടില്‍: വി.എ. കബീര്‍



ഗള്‍ഫില്‍ ഇടകലര്‍ന്ന് ജീവിക്കുമ്പോഴും അറബികള്‍ക്കും മലയാളിക്കുമിടയില്‍ സാംസ്‌കാരിക വിനിമയം എന്നത് ഗൗരവമായി നടക്കുന്നില്ലെന്ന് എഴുത്തുകാരനും വിവര്‍ത്തകനും 'മാധ്യമം' മുന്‍ പീരിയോഡിക്കല്‍സ് എഡിറ്ററുമായ വി.എ. കബീര്‍ അഭിപ്രായപ്പെട്ടു. ഇടം മസ്‌കത്ത് മുന്‍കൈയെടുത്ത് പുറത്തിറക്കിയ 'സമകാലിക ഒമാനി കവിതകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിനായി മസ്‌കത്തിലെത്തിയ അദ്ദേഹം സംസാരിക്കുകയായിരുന്നു. പ്രവാസത്തിന്റെ വിരഹവും വേദനകളുമെല്ലാം സാഹിത്യത്തിന് വിഷയമാകുന്നു എന്നല്ലാതെ കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും പാരമ്പര്യവും അറബ്‌സമൂഹത്തെ പരിചയപ്പെടുത്താനോ അറബ് സംസ്‌കാരത്തെയും ജീവിതത്തെയും മലയാളികള്‍ക്ക് പരിചയപ്പെടുത്താനോ ശ്രമം നടക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ സമകാലിക ഒമാനി കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും, ഇന്തോ-ഒമാന്‍ ഫോക്‌ലോര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനും ഇടം പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത് ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. 'സമകാലിക ഒമാനി കവിതകളു'ടെ വിവര്‍ത്തനം നിര്‍വഹിച്ചത് വി.എ. കബീറാണ്. റിയാലിന്റെ തിളക്കത്തിനപ്പുറത്തേക്ക് ഒമാന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കോ, മറ്റ് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ സാഹിത്യത്തിലേക്കോ നമ്മുടെ ശ്രദ്ധ കടന്നുചെല്ലുന്നില്ല. സാംസ്‌കാരികവളര്‍ച്ചയുടെ മേഖലയില്‍ വിവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പങ്കുവഹുക്കാനുണ്ട്. യൂറോപ്പിന്റെ സാംസ്‌കാരിക ഉന്നമനത്തിന് ഒരുകാലത്ത് സ്‌പെയിനില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരുന്ന അറബിഗ്രന്ഥങ്ങള്‍ ഏറെ സ്വാധീനം ചെയ്തിരുന്നു. അവിസെന്നയുടെ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ വൈദ്യശാസ്ത്രരംഗത്തുണ്ടാക്കിയ മാറ്റം ഉദാഹരണമാണ്.മലയാളത്തില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് മലയാളത്തിലേക്കും രചനകള്‍ തര്‍ജിമ ചെയ്യപെടുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവ മതപരമായ വിഷയങ്ങളില്‍ ഒതുങ്ങുന്നു. 'മുഖദ്ദിമ'പോലെ അപൂര്‍വമായ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമകാലീന കഥകളും കവിതകളും ചിന്തകളും പരസ്‌പരം പങ്കുവെക്കപ്പെടുന്നില്ല. പലപ്പോഴും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപെടുമ്പോള്‍ മാത്രമാണ് അവ അറബിയിയിലോ മലയാളത്തിലോ വെളിച്ചം കാണുന്നത്. മലയാളകവിതയെ പരിചയപ്പെടുത്താന്‍ യു.എ.ഇയിലെ ശിഹാബ് ഗാനത്തെ പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ഇവിടെ വേറിട്ടുനില്‍ക്കുന്നുണ്ട്. അപ്പോഴും ഇംഗ്ലീഷില്‍ നിന്നാണ് അദ്ദേഹവും വിവര്‍ത്തനം നടത്തുന്നത്. തനി അറബിയില്‍ നിന്ന് മലയാളത്തിലേക്കും തനിമയുള്ള മലയാളത്തില്‍ നിന്ന് തിരിച്ചും വിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നില്ല.അറബിഭാഷ പഠിച്ചവരും വിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളവരും ഈരംഗത്ത് പരിശ്രമിക്കുന്നില്ല എന്നതാണ് മുഖ്യകാരണം. നേരത്തേ മുഹ്‌യുദ്ദീന്‍ ആലുവായ് തകഴിയുടെ 'ചെമ്മീന്‍' അറബ് ലോകത്തെ പരിചയപ്പെടുത്തിയിരുന്നു. എം.ടി, ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ രചനകള്‍ പരിചയപ്പെടുത്താന്‍ തന്റെ ഭാഗത്തുനിന്നും ചെറിയ ശ്രമം നടത്തി. പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' അറബിയില്‍ മൊഴിമാറ്റം നടന്നിട്ടുണ്ട്. 'സമകാലിക ഒമാനി കവിതകളി'ല്‍ ആധുനിക, ഉത്തരാധുനിക രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാനില്‍ നിന്ന് മാത്രമല്ല, അറബ് ലോകത്തെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള മൊഴിമാറ്റങ്ങള്‍ മലയാളത്തിലേക്ക് വരേണ്ടതുണ്ട്. അറബിയില്‍ ആധുനികകവിതക്ക് തുടക്കമിട്ട ഇറാഖ്, ഈജിപ്ത്, ലെബനാന്‍ മഗ്‌രിബ് രാജ്യങ്ങളെന്ന് വിളിക്കപെടുന്ന മെറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളിലെ രചനകളും മലയാളികള്‍ പരിചയപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക് ഫെമിനിസം ചര്‍ച്ച ചെയ്യുന്ന മെറോക്കോയിലെ ഫാത്തിമ മര്‍നീസിയുടെ 'ഡ്രീംസ് ഓഫ് ട്രെസ്‌പാസ് ഗേള്‍സ്' എന്ന കൃതിയും യമനീസ് നോവലും മലയാളത്തിലേക്ക് താന്‍ വിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് വി.എ. കബീര്‍ പറഞ്ഞു.
കടപ്പാട് 'ഗള്‍ഫ് മാധ്യമം’

അഭിപ്രായങ്ങളൊന്നുമില്ല: