2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഇടം സ്വാതന്ത്ര്യദിനാഘോഷങ്ങൾ


മസ്കറ്റിന്റെ സാംസ്കാരിക മണ്ഡലങ്ങളിലെ സ്ഥിരം ആവിഷ്കാരങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒട്ടേറെ കലാസാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇടം എന്ന പേരിൽ ഒരു പൊതു വേദിയിലേക്ക്‌ രൂപാന്തരപ്പെടുന്നത്‌ 27 മാർച്ച്‌ 2009ൽ ഇ.എം.സ്സ്‌ - എ.കെ.ജി അനുസ്മരണത്തോടനുബന്ധിച്ചാണ്‌, പ്രമുഖ മാധ്യമ പ്രവർത്തകനായ എം.ജി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷകനായി പങ്കെടുത്ത "ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ" എന്ന സെമിനാറോടു കൂടിയാണ്‌. പിന്നീട്‌ മസ്കറ്റിലെ മലയാളികളുടെ കലാപരവും സാംസ്കാരികവുമായ സങ്കൽപങ്ങളേയും ഇഛാശക്തിയെയും നെഞ്ചിലേറ്റിക്കൊണ്ട്‌ വളരെ ചെറിയ കാലയളവിൽ തന്നെ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ നടത്തിയ പരിപാടികൾ ഒട്ടേറെയാണ്‌. ആദ്യകാല കമ്മുണിസ്റ്റ്‌ നേതാവും അതിലുപരി കേരളത്തിലെ പ്രഥമ വനിതാ എം .എൽ. എ യുമായ ശ്രീ റോസമ്മ പുന്നൂസ്‌ മുഖ്യാതിഥിയായി പങ്കെടുത്ത വിഷു ഈസ്റ്റർ ആഘോഷമാണ്‌ ഇതിനു തുടക്കമായത്‌. അവസാനമായി, ഗൾഫിലെ സ്ഥിരം സമ്മർ ക്യാമ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ആധുനികതയുടെ സങ്കേതങ്ങളെയും പാരമ്പര്യജന്യ അറിവുകളെയും സമരസമായി സമന്വയിപ്പിച്ചു കൊണ്ട്‌ കഴിഞ്ഞ മാസം സംഘടിപ്പിക്കപ്പെട്ട കുട്ടികളുടെ ഉത്സവമായ ചങ്ങാതിക്കൂട്ടം വരെ ഇത്‌ എത്തി നിൽക്കുന്നു . പുതുതായ്‌ രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്മ എന്ന നിലക്കുള്ള എല്ലാ ബാലിശതകളെയും മറികടന്ന്, ആവിഷ്കരിച്ച ഓരോ പരിപാടിയും വ്യക്തമായ സാമൂഹ്യ പുരോഗമന കാഴ്ചപ്പാടുകൾ ലക്ഷ്യമാക്കിയുള്ളവയായിരുന്നു. ഈ പരിപാടികളുടെ ഒരു ഘട്ടത്തിൽ പോലും ആത്മാവ്‌ ഒട്ടും ചോർന്നു പോവാതെ ഇത്‌ നടപ്പിലാക്കാൻ കഴിഞ്ഞത്‌ ഇടത്തിന്റെ പ്രവർത്തകരുടെ മാത്രം മിടുക്കല്ല എന്ന് ഞങ്ങൾക്കറിയാം. ഇത്‌ മസ്കറ്റിലെ മലയാളി സമൂഹം ഇടത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും കൂടി വിജയമാണ്‌. പകർന്നു കിട്ടിയ ഈ ഒരു ആത്മവിശ്വാസം തന്നെയാണ്‌ അതി വിപുലമായ രീതിയിൽ മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള തീരുമാനത്തിനു പിന്നിലേയും ചാലക ശക്തി. ഈ മാസം 13 ന്‌ റൂവിയിലെ അൽമാസ ഓഡിറ്റോറിയത്തിൽ വെച്ച്‌ ഓരോ ഇന്ത്യക്കാരനും ജീവ വായു സമ്മാനിച്ച ത്യാഗോജ്ജ്വല ചരിത്ര മുഹൂർത്തങ്ങളുടെ സ്മരണകളെ പുതിയ കാലത്തിന്റെ ചടുലതയിലൂടെയും താളങ്ങളിലൂടെയും മസ്കറ്റിലെ മലയാളികളുടെ മുമ്പിൽ ആവിഷ്കരിക്കാൺ ശ്രമിക്കുകയാണ്‌ ഇടം. മസ്കറ്റിലെ വിദ്യാർത്ഥികളെയും കലാപ്രതിഭകളെയും കണ്ണി ചേർത്തുകൊണ്ട്‌ വ്യത്യസ്തവും നയന മനാഹരവുമായ നൃത്ത നൃത്യ ശിൽപങ്ങളാണ്‌ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ സ്വാതന്ത്ര്യ സമര ഭൂവിൽ മരിച്ചു വീണ അനേകായിരം രക്ത സാക്ഷികൾക്കുള്ള ഇടത്തിന്റെ ബാഷ്പാഞ്ജലിയാണ്‌. അതോടൊപ്പം ഇടം നിങ്ങളെ സ്വാഗതം ചെയ്യുന്നത്‌ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലേക്കും ഇത്‌ സാധ്യമാക്കിയ ചരിത്രത്തിലേക്കും കൂടിയാണ്. പരിപാടിയിൽ മസ്കറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്നു.
എല്ലാവർക്കും സ്വാഗതം.

അഭിപ്രായങ്ങളൊന്നുമില്ല: