2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കവി അയ്യപ്പന് ഇടത്തിന്റെ ആദരാഞ്ജലികള്‍

ഇന്നലെ അന്തരിച്ച കവി എ. അയ്യപ്പന്റെ അപ്രതീക്ഷിത നിര്യാണത്തിൽ ഇടം മസ്കറ്റ് അനുശോചിച്ചു. ആധുനികതക്ക് ശേഷം മലയാ‍ള കവിതയിൽ നൂതനമായ ഒരു കാവ്യ പാരമ്പര്യത്തിനു തുടക്കം കുറിച്ച കവിയായിരുന്നു അയ്യപ്പൻ. അഗ്നിയുടെ വകഭേദങ്ങളായ് സൂര്യനും ഗ്രീഷ്മകാലവും മഞ്ഞനിറവും നിറഞ്ഞു കത്തുന്ന ഒരു ലോകത്തു നിന്നാണ് മൌനം ചീഞ്ഞു നാറുന്ന ശവവും വാക്ക് നഗ്നനായ് എരിയുന്ന നരനുമാണെന്ന തിരിച്ചറിവ് അയ്യപ്പൻ പകർന്നു നൽകിയത്. എവിടെയും തീയാണ്. ആജ്ഞയും സാന്ത്വനവും പകർന്ന ഗ്രന്ഥപ്പുരക്കു തീപിടിക്കുന്നു. പുകയും തീയും പുസ്തകങ്ങളും പൊള്ളുന്ന മനുഷ്യനും എന്ന് പാ‍ർശ്വവത്കരിക്കപ്പെട്ടവന്റെ ആധുനിക ജീവിതം നിർവചിച്ച കവി, നോവുകളല്ലാം പൂവുകളാണ് എന്ന് അവരെ സന്ത്വനിപ്പിച്ചു. ഈ അർത്ഥത്തിൽ മലയാള കവിതക്ക് കാലം ആവശ്യപ്പെടുന്ന ദിശാ ബോധം പകർന്നു നൽകി തെരുവിന്റെ പ്രധിനിധിയായ് ജീവിച്ച പ്രിയ കവിയ്ക്ക് തെരുവ് തന്നെ മരണ ശയ്യയൊരുക്കുമ്പൊൾ കാവ്യലോകത്തിന് നഷ്ടമാകുന്നത് അഗ്നി രക്ഷോപായവും സൌന്ദര്യവുമാണന്നും രക്തം സത്യവും നോവുമാണന്നും അനാഥത്വം പുതിയ പന്തങ്ങൾ കൊളുത്തേണ്ട ഇരുളുമാണന്നും നമ്മെ ഇടക്കിടെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ഒരു വലിയ മനുഷ്യനെ തന്നെയാണന്ന് ഇടം അനുശോചനക്കുറിപ്പിൽ വ്യക്തമാ‍ക്കി.

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഗാന്ധി സ്മരണയില്‍ ‘’ഇടം’‘ രക്തദാനം

ഇടം മസ്ക്കറ്റ് അതിന്റെ രൂപീകരണകാലം മുതല്‍ക്ക് തന്നെ അതിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നായി സഹജീവി സ്നേഹം ആണെന്നത് പ്രഖ്യാപിച്ചിരുന്നു. ഈ ഭൂമികയില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും മറ്റ് മനുഷ്യരോടും ഇവിടത്തെ ആവാസ വ്യവസ്ഥയോടുംതന്നെ എല്ലാവര്‍ക്കും തുല്ല്യമായ ഉത്തരവാദിത്വം ഉണ്ടെന്നും അതിന വേണ്ടിയുള്ള പ്രവൃത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് കൊച്ച് കൊച്ച് ഇടങ്ങള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും ഇടം മസ്ക്കറ്റ് അതിന്റെ രൂപീകരണ യോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. അതുകൊണ്ട് ഇടം അതിന്റെ വേദികളില്‍ ജീവകാരുണ്യം എന്ന വാക്ക് ഉപയോഗിക്കപ്പെടേണ്ടതില്ലെന്ന് തീരുമാനിച്ചതിന് കാരണം,
കാരുണ്യം എന്നത് ദാനമാണെന്നും മറിച്ച് ഇടം നടത്തേണ്ടത്, ജനങ്ങളില്‍ ചില ഇടപെടലുകളാണെന്ന തിരിച്ചറിവുമാണ്.



ഇത്തരം ഇടപെടലിന്റെ ആവശ്യകത തിരിച്ചറിഞു കൊണ്ടാണ് ഇടം അതിന്റെ രണ്ടാവര്‍ഷത്തിലും നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ നൂറ്റി നാല്‍പ്പത്തിയൊന്നാം ജന്മ വാര്‍ഷികം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ബ്രഹത്തായ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു കൊണ്ട് ആഘോഷിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒക്ടോബര്‍ രണ്ടാംതിയ്യതിക്ക് പകരം എട്ടാം തിയ്യതി റൂവി അല്‍ മാസ ഹാളില്‍ വെച്ചായിരുന്നു നടത്തപ്പെട്ടത്.

അഹിംസയെന്ന നൂതന സമരായുധം ലോകത്തിന് സമ്മാനിച്ച ഗാന്ധിജിയെ സ്മരിക്കുവാന്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും സാര്‍ത്ഥകമായപ്രവൃത്തി മറ്റൂള്ളവര്‍ക്കായി സ്വന്തം ജീവരക്തത്തിലൊരു പങ്ക് ദാനം ചെയ്യുക തന്നെയാണെന്ന് ഇടം വിശ്വസിക്കുന്നു. ജീവിതത്തിലുട നീളംമറ്റുള്ളവര്‍ക്ക് മാതൃകയായിരുന്ന ഒരു മനുഷ്യന്റെ സ്മരണക്ക് മുന്നില്‍ ഇത്തരം ഒരു പ്രവൃത്തനത്തേക്കാള്‍ ഉചിതമായി മറ്റെത്ത് ചെയ്യാനാവും

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായ ക്യാമ്പില്‍ ഇത്തവണ 100ല്‍പ്പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 88ഓളം യൂണിറ്റ് രക്തം നല്‍കാനും സാധിച്ചു. ചടങ്ങിനോടനുബന്തിച്ച് ബദര്‍ അല്‍ സാമ ഹോസ്പിറ്റലിലെ പരിചയ സമ്പന്നനായ ഡോക്ടര്‍ ബഷീര്‍ ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍,കൊളസ്ട്രോള്‍ എന്നീ രോഗാങ്ങളെപ്പറ്റിയും, ഹൃദയ സംബദ്ധിയായ അസുഖങ്ങളെപറ്റിയും പ്രഭാഷണം നടത്തുകയുണ്ടായി.

ഇടം മസ്ക്കറ്റ് അതിന്റെ ആവിര്‍ഭാവം തൊട്ട് നാളിതുവരെ രണ്ട് വര്‍ക്ഷക്കാലവും ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ലഷ്യ ബോധവുംസാമൂഹിക പ്രതിബദ്ധതയും ചാലക ശക്തികളാക്കിക്കൊണ്ട് വരും കാലങ്ങളിലും ഇത്തരം ധന്യാത്മകമായ ചെറിയ ചെറിയ ഇടപെടലുകള്‍തുടരാ‍നാവും എന്നു തന്നെയാണ് ഇടം പ്രവൃത്തകരുടെ വിശ്വാസം.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

“ഇടം” ഈദ്-ഓണാഘോഷം


ഓണം കേരളീയരുടെ ഗൃഹാതുരത്വത്തില്‍ നിറയാന്‍ തുടങ്ങിയതിന്റെ ചരിത്രം കേരളത്തില്‍ ജീവിക്കുന്ന മനുഷ്യനോളം പഴക്കമുണ്ട്. അത് എന്നും കൂട്ടായ്മയുടേയും, സന്തോഷത്തിന്റേയും, ഉണര്‍വിന്റേയും വിളയെടുപ്പ് ദിനങ്ങളാണ്. എന്നാല്‍ ഈയൊരന്തരീഷത്തില്‍ നിന്ന് തീര്‍ത്തും വേര്‍പ്പെട്ട് ജീവിക്കുന്ന പ്രവാസിയുടെ ഓണം ഓര്‍മ്മകളുടെ തിരതള്ളലായി അവസാനിക്കുകയാണ് പലപ്പോഴും പതിവ്.

പ്രവാസി അവന്റെ ഓണം അവന്റെ ഓര്‍മ്മകളില്‍ നിന്നും മറ്റൊരിടത്തേക്ക് പരിമിതികളില്‍ നിന്നുകൊണ്ട് പറിച്ച് നടുകയാണ്. ഇടം മസ്ക്കറ്റ് സംഘടിപ്പിച്ച് ഓണാഘോഷം എല്ലാവരും എല്ലാവര്‍ക്കും വേണ്ടിയാണ് ജീവിച്ചിരുന്നതെന്നും അങ്ങിനെയൊരു കാലം ഉണ്ടായിരുന്നുവെന്നും അതിന്റെ അതിപനായ മാവേലിയുടെ ഓര്‍മ്മ പുതുക്കലും ഇനിയും വരുമെന്ന പ്രതീക്ഷയുടേതുമായി.

പുരോഗമന മനസ്സുകള്‍ക്ക് ഒരു സാംസ്ക്കാരിക ഇടം എന്നരീതിയില്‍ മസ്ക്കറ്റിലെ പുരോഗമന കലാസാസ്ക്കാരിക രംഗത്തുള്ളവര്‍ ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സംഘടന അതിന്റെ രണ്ടാമത്തെ ഓണാഘോഷം അംഗങ്ങളും അഭ്യുതയകാംഷികളും ചേര്‍ന്ന് അവിസ്മരണീയ അനുഭവമാക്കി മാറ്റിതിര്‍ക്കുകയായിരുന്നു. ഓണം ഈദ് ആഘോഷങ്ങള്‍ സംഘടനയിലെ അംഗങ്ങള്‍ തമ്മിലുള്ള സൌഹൃദത്തിന്റേയും, സ്നേഹത്തിന്റേയും ഒത്തൊരുമിക്കലായി.


മസ്ക്കറ്റിലെ പ്രശസ്തമായ ഹോട്ടല്‍ അനന്തപുരിയില്‍ നടന്ന ആഘോഷങ്ങള്‍ അംഗങ്ങള്‍ക്ക് പുതിയ ഒരു അനുഭവമായി. ചടങ്ങില്‍ ഇന്ത്യന്‍ എമ്പസ്സിയുടെ നേതൃത്വത്തില്‍ നടന്ന ബൃഹത്തായ ഔട്ട്പാസ്സ് പ്രവൃത്തനത്തില്‍ പങ്കെടുത്ത് സന്നദ്ധ പ്രവൃത്തനത്തിന് തെയ്യാറായ അംഗങ്ങള്‍ക്ക് എമ്പസ്സി നല്‍കിയ സര്‍ട്ടിഫിക്കറ്റ് നൂര്‍ജഹാന്‍ ടീച്ചര്‍ വിതരണം ചെയ്തു. ഈ പ്രവൃത്തനത്തില്‍ ഇടത്തിലെ കുട്ടികളും, വീട്ടമ്മമാരും പങ്കെടുത്തിരുന്നു. ഔട്ട്പാസ്സ് രംഗത്ത് ഇടത്തിന്റെ പ്രവൃത്തനം മികച്ചതായിരുന്നെന്ന് എമ്പസ്സി അഡ്വക്കേറ്റ്മാരായ പ്രസാദ്, ദീപ എന്നിവര്‍ ചടങ്ങില്‍ പറയുകയുണ്ടായി.

അഡ്വക്കേറ്റ് പ്രസാദ് ഇങ്ങിനെ പറയുകയുണ്ടായി കുറഞ്ഞ നാളുകള്‍ കൊണ്ട് ഇടം, ഒരു അത്ഭുതം കാണിച്ചെന്ന് ഇന്ത്യയില്‍ ഒരു കോടതി വിധിയുടെ അവസരത്തില്‍ തെരുവില്‍ നിറയെ പോലീസിനേയും, പട്ടാളത്തിനേയും നിറക്കുമ്പോള്‍ ഇവിടെ ഇടം ജാതി മത ഭേതമന്യേ പാട്ടും നൃത്തവുമായി ഒത്തുകൂടുമ്പോള്‍, ഇന്ത്യയിലും ഇത്തേരം കൊച്ച് “ഇട”ങ്ങള്‍ ഉണ്ടാവേണ്ട സാധ്യത വര്‍ത്തമാന കാലത്തില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന വിഭവ സമര്‍ദമാ‍യ സദ്ദ്യയില്‍ പങ്കെടുത്തുകൊണ്ട് അംഗങ്ങള്‍ പാട്ടും, ആട്ടവുമായ് ഒണാഘാഷം വര്‍ണാഭമാക്കി.