മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രിയ സാഹിത്യകാരി കമലാ സുരയ്യ (മാധവിക്കുട്ടി) അന്തരിച്ചു. 75 വയസ്സായിരുന്നു. പൂണെ ജഹാംഗീര്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.55 നായിരുന്നു അന്ത്യം. ഏറെ നാളായി കടുത്ത പ്രമേഹ രോഗത്തിനു ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഏപ്രില്‍ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. സഹായിയായ അമ്മുവും മകന്‍ ജയസൂര്യയും മരിക്കുമ്പോള്‍ അടുത്തുണ്ടായിരുന്നു.കവയിത്രി ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായി 1932 മാര്‍ച്ച് 31നു പാലക്കാട്ട് പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ടു തറവാട്ടിലായിരുന്നു മാധവിക്കുട്ടിയുടെ ജനനം. ഭര്‍ത്താവ് പരേതനായ മാധവദാസ്. മക്കള്‍: എം ഡി നാലപ്പാട്, ചിന്നന്‍ ദാസ്, ജയസൂര്യ ദാസ്. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാ ദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കിടെ 1999 ല്‍ ഇസ്ലാം മതം സ്വീകരിച്ച് കമലസുരയ്യ എന്നു പേരുമാറ്റി. കമലസുരയ്യയുടെ ആദ്യ കഥാസമാഹാരം 1955 ല്‍ ഇറങ്ങിയ മതിലുകള്‍ ആയിരുന്നു. മറ്റു കൃതികള്‍: തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്മരണകള്‍, നീര്‍മാതളം പൂത്തകാലം. വണ്ടിക്കാളകള്‍ എന്ന നോവലായിരുന്നു കമലസുരയ്യയുടെ അവസാന കൃതി. ഇംഗ്ലിഷ് കവിതാ സമാഹാരങ്ങള്‍: സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്റ്റഡ് പോയംസ്.പുരസ്കാരങ്ങള്‍: ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്‍റ് അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്. ഇലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.
മലയാള സാഹിത്യത്തിലെ എക്കാലത്തേയും ആ വലിയ എഴുത്തുകാരിക്ക്
ഇടം മസ്ക്കറ്റിന്റെ ആദരാഞ്ജലികൾ