ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

വിമര്‍ശ്ശനങ്ങള്‍ ശകാരങ്ങളിലേക്ക് അധപ്പതിക്കുന്നത് ഉത്കണ്ഡാജനകം ഇടം മസ്കറ്റ്


സമകാലിക കേരളീയാന്തരീക്ഷത്തില്‍ സാംസ്കാരിക രാഷ്ട്രീയ വിമര്‍ശ്ശനങ്ങള്‍ വൈര്യങ്ങളുടെ അശ്ലീലാന്തരീക്ഷത്തിലേക്ക് മലിനപ്പെടുന്നത് ഉത്കണ്ഡ ഉണര്‍ത്തുന്ന കാര്യമാണന്ന് ഇടം മസ്കറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വിദ്വേഷത്തിന്റെയും വ്യക്തികത വൈരാഗ്യത്തിന്റെയും കുടുസ്സായ ഇടങ്ങളിലേക്ക് രാഷ്ട്രീയ വ്യവഹാരങ്ങളും പ്രതിരോധത്തിന്റെ അലയൊലികളും ചുരുങ്ങുമ്പോള്‍ തമസ്കരിക്കപ്പെടുന്നത് വളരെ പ്രാധമികമായ് രാഷ്ട്രീയ പരിഹാരത്തിന്‌ കാത്തു നില്‌ക്കുന്ന ജനകീയ പ്രശ്നങ്ങളാണ്‌. ഇത്തരത്തില്‍ അതിപ്രഥമമായ് പരിഗണിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ നമ്മുടെ ഭരണനിര്വ്വഹണ സം‌വിദാനത്തിന്‌ പരിഗണിക്കാന്‍ സമയം കിട്ടാത്ത വിധത്തില്‍ നിയമ സഭ ഇപ്പോള്‍ പ്രക്ഷുബ്ദമായിക്കൊണ്ടിരിക്കുകയാണ്‌.
മാറി വരുന്ന ഭാഷയും സം‌വേദന രീതികളും സമൂഹ്യജീവിതത്തന്റെ പ്രതിഫലനങ്ങളാണ്‌. സമകാലിക കേരളീയ രാഷ്ട്രീയാവസ്ഥയില്‍ ഇതിപ്പോള്‍ പ്രതിഫലിക്കുന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വെളിവാക്കപ്പെടുന്ന അസഹിഷ്ണുതയുടെ മലീമസമായ പദപ്രയോഗങ്ങളിലൂടെയാണ്‌. വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രമുള്ള പ്രായം ചെന്ന മനുഷ്യനെ കാമഭ്രാന്തന്‍, ഞരമ്പു രോഗി എന്ന് പൊതുയോഗത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്തവിധം ഒരു സംസ്ഥാന മന്ത്രി മുദ്രകുത്തുന്നു. ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാകേണ്ട നിയമ സഭയില്‍ ഒരംഗം മിസ്റ്റര്‍ എന്നൊരു മന്ത്രിയെ വിളിച്ചത് അപരാധമായന്നും. അയാള്‍ പട്ടികജാതിക്കാരനാണെന്നതിന്റെ പേരില്‍ പട്ടികജാതിക്കാരന്‍ പൊട്ടന്‍ എന്നും ഗവണ്മന്റിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അധിക്ഷേപിക്കുമ്പോള്‍ അത് പ്രതിഫലിപ്പിക്കുന്നത് പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയും പിള്ളസമൂഹത്തില്‍ ജനിച്ച യുവ മന്ത്രിയോടുള്ള വിധേയത്വവുമാണ്‌. ഇത്തരം പ്രവണതകള്‍ ഭാഷയില്‍ കടന്നു വരുന്നത് കേരളീയ സമൂഹം ഇന്നേവരെ നേടിയടുത്ത എല്ലാ പുരോഗമന മൂല്യങ്ങളെയും പിറകോട്ട് കൊണ്ടു പോകുന്നതാണ്‌, ഇതിനെതിരായ് കക്ഷിരാഷ്ട്രീയ ഭേദമന്യ ഒരു സാംസ്കാരിക പ്രതിരോധം ഉയര്‍ന്നു വരേണ്ടതും ഭാഷയെ പുരോഗമനപരവും ഉച്ചനീചത്വങ്ങളില്ലാത്ത പര‍സ്പര ബഹുമാനങ്ങളിലൂന്നിയുള്ള വിമര്‍ശ്ശനത്തിന്റെ സാധ്യതയിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതും കൂടിയാണ്‌.
ആരോഗ്യപരമായ വിമര്‍ശ്ശനങ്ങളുടെയും അതുവഴി ഉണ്ടാകാന്‍ സാധ്യതയുള്ള ജനപക്ഷ പരിഷ്കരണങ്ങളെയും പാടെ തള്ളിക്കളയുന്ന ഇത്തരം വ്യ്കതിഗത ജനവിരുദ്ധ ശകാരങ്ങളെ ചോദ്യം ചെയ്തു തോല്‌പ്പിക്കുന്ന ചരിത്രഘട്ടം വിദൂരമല്ല എന്നും ഇടം പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു,

2010 നവംബർ 10, ബുധനാഴ്‌ച

അറബ്-മലയാളം സാംസ്‌കാരികവിനിമയം നിലച്ചമട്ടില്‍: വി.എ. കബീര്‍



ഗള്‍ഫില്‍ ഇടകലര്‍ന്ന് ജീവിക്കുമ്പോഴും അറബികള്‍ക്കും മലയാളിക്കുമിടയില്‍ സാംസ്‌കാരിക വിനിമയം എന്നത് ഗൗരവമായി നടക്കുന്നില്ലെന്ന് എഴുത്തുകാരനും വിവര്‍ത്തകനും 'മാധ്യമം' മുന്‍ പീരിയോഡിക്കല്‍സ് എഡിറ്ററുമായ വി.എ. കബീര്‍ അഭിപ്രായപ്പെട്ടു. ഇടം മസ്‌കത്ത് മുന്‍കൈയെടുത്ത് പുറത്തിറക്കിയ 'സമകാലിക ഒമാനി കവിതകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിനായി മസ്‌കത്തിലെത്തിയ അദ്ദേഹം സംസാരിക്കുകയായിരുന്നു. പ്രവാസത്തിന്റെ വിരഹവും വേദനകളുമെല്ലാം സാഹിത്യത്തിന് വിഷയമാകുന്നു എന്നല്ലാതെ കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും പാരമ്പര്യവും അറബ്‌സമൂഹത്തെ പരിചയപ്പെടുത്താനോ അറബ് സംസ്‌കാരത്തെയും ജീവിതത്തെയും മലയാളികള്‍ക്ക് പരിചയപ്പെടുത്താനോ ശ്രമം നടക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ സമകാലിക ഒമാനി കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും, ഇന്തോ-ഒമാന്‍ ഫോക്‌ലോര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനും ഇടം പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത് ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. 'സമകാലിക ഒമാനി കവിതകളു'ടെ വിവര്‍ത്തനം നിര്‍വഹിച്ചത് വി.എ. കബീറാണ്. റിയാലിന്റെ തിളക്കത്തിനപ്പുറത്തേക്ക് ഒമാന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കോ, മറ്റ് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ സാഹിത്യത്തിലേക്കോ നമ്മുടെ ശ്രദ്ധ കടന്നുചെല്ലുന്നില്ല. സാംസ്‌കാരികവളര്‍ച്ചയുടെ മേഖലയില്‍ വിവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പങ്കുവഹുക്കാനുണ്ട്. യൂറോപ്പിന്റെ സാംസ്‌കാരിക ഉന്നമനത്തിന് ഒരുകാലത്ത് സ്‌പെയിനില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരുന്ന അറബിഗ്രന്ഥങ്ങള്‍ ഏറെ സ്വാധീനം ചെയ്തിരുന്നു. അവിസെന്നയുടെ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ വൈദ്യശാസ്ത്രരംഗത്തുണ്ടാക്കിയ മാറ്റം ഉദാഹരണമാണ്.മലയാളത്തില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് മലയാളത്തിലേക്കും രചനകള്‍ തര്‍ജിമ ചെയ്യപെടുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവ മതപരമായ വിഷയങ്ങളില്‍ ഒതുങ്ങുന്നു. 'മുഖദ്ദിമ'പോലെ അപൂര്‍വമായ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമകാലീന കഥകളും കവിതകളും ചിന്തകളും പരസ്‌പരം പങ്കുവെക്കപ്പെടുന്നില്ല. പലപ്പോഴും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപെടുമ്പോള്‍ മാത്രമാണ് അവ അറബിയിയിലോ മലയാളത്തിലോ വെളിച്ചം കാണുന്നത്. മലയാളകവിതയെ പരിചയപ്പെടുത്താന്‍ യു.എ.ഇയിലെ ശിഹാബ് ഗാനത്തെ പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ഇവിടെ വേറിട്ടുനില്‍ക്കുന്നുണ്ട്. അപ്പോഴും ഇംഗ്ലീഷില്‍ നിന്നാണ് അദ്ദേഹവും വിവര്‍ത്തനം നടത്തുന്നത്. തനി അറബിയില്‍ നിന്ന് മലയാളത്തിലേക്കും തനിമയുള്ള മലയാളത്തില്‍ നിന്ന് തിരിച്ചും വിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നില്ല.അറബിഭാഷ പഠിച്ചവരും വിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളവരും ഈരംഗത്ത് പരിശ്രമിക്കുന്നില്ല എന്നതാണ് മുഖ്യകാരണം. നേരത്തേ മുഹ്‌യുദ്ദീന്‍ ആലുവായ് തകഴിയുടെ 'ചെമ്മീന്‍' അറബ് ലോകത്തെ പരിചയപ്പെടുത്തിയിരുന്നു. എം.ടി, ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ രചനകള്‍ പരിചയപ്പെടുത്താന്‍ തന്റെ ഭാഗത്തുനിന്നും ചെറിയ ശ്രമം നടത്തി. പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' അറബിയില്‍ മൊഴിമാറ്റം നടന്നിട്ടുണ്ട്. 'സമകാലിക ഒമാനി കവിതകളി'ല്‍ ആധുനിക, ഉത്തരാധുനിക രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാനില്‍ നിന്ന് മാത്രമല്ല, അറബ് ലോകത്തെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള മൊഴിമാറ്റങ്ങള്‍ മലയാളത്തിലേക്ക് വരേണ്ടതുണ്ട്. അറബിയില്‍ ആധുനികകവിതക്ക് തുടക്കമിട്ട ഇറാഖ്, ഈജിപ്ത്, ലെബനാന്‍ മഗ്‌രിബ് രാജ്യങ്ങളെന്ന് വിളിക്കപെടുന്ന മെറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളിലെ രചനകളും മലയാളികള്‍ പരിചയപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക് ഫെമിനിസം ചര്‍ച്ച ചെയ്യുന്ന മെറോക്കോയിലെ ഫാത്തിമ മര്‍നീസിയുടെ 'ഡ്രീംസ് ഓഫ് ട്രെസ്‌പാസ് ഗേള്‍സ്' എന്ന കൃതിയും യമനീസ് നോവലും മലയാളത്തിലേക്ക് താന്‍ വിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് വി.എ. കബീര്‍ പറഞ്ഞു.
കടപ്പാട് 'ഗള്‍ഫ് മാധ്യമം’

2009 ജൂൺ 14, ഞായറാഴ്‌ച

ഇ.എം.എസ്സ് ഉണ്ടായിരുന്നെങ്കില്‍....!!


സാമൂഹ്യവും സംഘടനാപരവുമായ തലങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായപ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിലാണ്‌ ഇടതുരാഷ്ട്രീയം അതിന്റെസ്ഥാപകനേതാക്കളിലൊരാളായ ഇ എം എസ്സിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്‌എന്നത്‌ കേവലം യാദൃഛികമാവാം. എങ്കിലും, അത്തരമൊരു വ്യക്തിപ്രഭാവത്തിന്റെഅഭാവം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി ഇടത്‌ പുരോഗമനപ്രസ്ഥാനങ്ങള്‍നേരിടുന്നുണ്ട്‌ എന്നത്‌ ഒരു വാസ്തവമാണ്‌. ഇടത്‌ രാഷ്ട്രീയത്തില്‍ ഇ എംഎസ്സിന്റെ പങ്ക്‌ എന്തായിരുന്നു എന്ന ഒരു അന്വേഷണം ഇടത്‌സഹയാത്രികര്‍ക്ക്‌ മുഴുവന്‍ ഒരു ആത്മാന്വേഷണമാവുന്നത്‌ ഈ പ്രത്യേകരാഷ്ട്രീയസ്ഥലിയില്‍ നിന്നാണ്‌.
ജനമധ്യത്തില്‍ നിന്ന് ഉരുവം കൊള്ളുന്ന പ്രായോഗിക രാഷ്ട്രീയവും ബൗദ്ധികമായഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് വളര്‍ന്നുവികസിക്കേണ്ട അതിന്റെപ്രത്യയശാസ്ത്രവും പരസ്പരപൂരകങ്ങളായിരിക്കേണ്ടതുണ്ട്. എന്നാല്‍ സ്വന്തംനിലയ്ക്ക്‌ അവ അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പ്രത്യയശാസ്ത്രത്തിനുംപ്രായോഗികതയ്ക്കുമിടയില്‍ ഗതാഗതക്ഷമമായ ഒരു പാലം ഉണ്ടാവേണ്ടതിലേക്കാണ്‌ഇത്‌ വിരല്‍ചൂണ്ടുന്നത്‌. ഇടതുപുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ആരായിരുന്നു ഇഎം എസ്സ്‌ എന്ന ചോദ്യത്തിനു ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാവുന്നഏറ്റവും സുഗമവും പ്രത്യക്ഷവുമായ ഉത്തരവും ഇതു തന്നെയാവും. ഇ. എം എസ്സ്‌ഒരു പാലമായിരുന്നു. മിനിമം കൂലിക്കും അടിസ്ഥാന അവകാശങ്ങള്‍ക്കുമായിതെരുവില്‍ സംഘടിക്കുന്ന തൊഴിലാളികള്‍ക്കും സാമൂഹ്യവും മനശ്ശാസ്ത്രപരവുംസാമ്പത്തികപരവുമായ മാനങ്ങള്‍ ഏകോപിക്കുന്ന അവരുടെ രാഷ്ട്രീയത്തിന്റെപ്രത്യയശാസ്ത്രത്തിനും ഇടയില്‍ വലിച്ചുകെട്ടിയ ഒരു പാലമായിരുന്നു, ഇ എംഎസ്സ്‌. അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ അതിലൂടുള്ളവരവുപോക്കുകള്‍ സുഗമമായിരുന്നു. വര്‍ത്തമാനരാഷ്ട്രീയസാഹചര്യങ്ങളില്‍തോൽ‌വിക്ക് കാരണം എന്ന നിലയിലാണെങ്കില്‍ പോലും പ്രസ്ഥാനം ജനങ്ങളില്‍നിന്ന് അകന്നുവെന്ന് നേതാക്കന്മാര്‍ നടത്തുന്ന കുറ്റസമ്മതം അത്തരമൊരുഗതാഗതത്തിന്റെ തകര്‍ച്ചയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇടത്‌രാഷ്ട്രീയത്തിന്റെ പുതിയ പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങള്‍സാധാരണമനുഷ്യരുടെ സാമാന്യയുക്തി വരെയെങ്കിലും കൊണ്ടുചെല്ലാന്‍പ്രസ്ഥാനത്തിന്‌ കഴിയുന്നില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍നിവൃത്തിയില്ലാത്ത അടിസ്ഥാനവര്‍ഗ്ഗത്തിനാവട്ടെ ഇത്തരംബൗദ്ധികദന്തഗോപുരങ്ങളിലേക്ക്‌ നടന്നുകയറാനുള്ള ആവതുമില്ല. ഇതൊക്കെഎന്തിന്റെ സൂചകങ്ങളാണ്‌?
പുരോഗമനവാദികളായ ബുദ്ധിജീവികളുമായുള്ള കൂട്ടായ്മ ഇടതുപക്ഷത്തിന്റെമുഖമുദ്രയായിരുന്നു, അടുത്തകാലംവരെ. വയലാര്‍, വൈലോപ്പിള്ളി, ചെറുകാട്‌,കൃഷ്ണയ്യര്‍ തുടങ്ങിയ ധിഷണാശാലികളുടെയും സര്‍ഗ്ഗപ്രതിഭകളുടെയും നീണ്ട ഒരുനിരതന്നെയുണ്ട്‌ പ്രസ്ഥാനത്തിന്റെ ഗതകാലചരിത്രത്തില്‍. ഇവിടെയും ഒരു പാലംപ്രവര്‍ത്തിച്ചിരുന്നു. അത്‌ സ്വയം സര്‍ഗപ്രതിഭകള്‍ കൂടിയായിരുന്ന ഇ എംഎസ്സിനെയും മുണ്ടശ്ശേരിയെയും പോലുള്ളവര്‍ ചേര്‍ന്നുണ്ടായതായിരുന്നു.ഇന്നാവട്ടെ ഇങ്ങനെയൊരു പാലം ഇല്ല എന്നു മാത്രമല്ല സഹവര്‍ത്തിക്കേണ്ടഇത്തരം കരകള്‍ തമ്മിലുള്ള അകലം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.പ്രൊഫസര്‍ എം എന്‍ വിജയനെപ്പോലുള്ളവര്‍ക്ക്‌ സ്വയംപുറത്തുപോകേണ്ടിവന്നതിനെ ഈയൊരു സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍ എന്നുതോന്നുന്നു. ഹമീദ്‌ ചേന്നമംഗലൂരിനെയും എം എന്‍ കാരശ്ശേരിയേയും പോലുള്ളവരെഅകറ്റിനിര്‍ത്താന്‍ കാണിക്കുന്ന അമിതൗത്സുക്യം കൂടി പരിഗണിക്കുമ്പോള്‍പ്രശ്നം പ്രത്യയശാസ്ത്രത്തെയും പ്രായോഗികരാഷ്ട്രീയത്തെയും തമ്മില്‍ബന്ധിപ്പിക്കുന്ന പാലത്തിന്റെ അഭാവം മാത്രമല്ലെന്ന് വരുന്നു.പ്രായോഗികരാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാവാത്തത്‌ എന്ന ഭാഷ്യത്തോടെനടത്തുന്ന വലതുവ്യതിയാനങ്ങളോട്‌ കലഹിച്ച്‌ പിരിഞ്ഞ്‌ പോയ ബുദ്ധിജീവികളുംസാംസ്കാരികപ്രവര്‍ത്തകരും പൊതുജനസമക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക്‌യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കുന്നതില്‍ വര്‍ത്തമാനഇടതുബുദ്ധിജീവികള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഇവയൊന്നും കേവലംബൗദ്ധിക അങ്കങ്ങളായിരുന്നില്ല എന്ന ബോധ്യം അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ ഒരുഅരക്ഷിതത്വം പടര്‍ത്തുന്നു. അങ്ങനെയുണ്ടാകുന്ന ചെറുത്തുനില്‍പ്പുകളെഇടത്‌ തീവ്രവാദമായി മുദ്രകുത്തി മാറ്റിനിര്‍ത്താനുള്ള പ്രസ്ഥാനത്തിന്റെശ്രമങ്ങളാവട്ടെ പഴയപോലെ ഫലിക്കുന്നുമില്ല. ഇവിടെയാണ്‌അടിസ്ഥാനമൂല്യങ്ങളില്‍ കാലികമായി വരേണ്ടുന്ന മാറ്റങ്ങളെ സുതാര്യമായിജനപക്ഷത്തുനിന്ന് വ്യാഖ്യാനിച്ച്‌ ഫലിപ്പിക്കാന്‍ ശേഷിയുള്ള ഒരുനേതാവിന്റെ അഭാവം പ്രകടമാവുന്നത്‌. ഇ എം എസ്സ്‌ ഉണ്ടായിരുന്നെങ്കിലെന്ന്ചുമട്ട്‌ തൊഴിലാളി മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവര്‍ആശിച്ചുപോവുന്നത്‌.


വിശാഖ് ശങ്കർ

2009 ഏപ്രിൽ 3, വെള്ളിയാഴ്‌ച

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്



പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്
ആദ്യഘട്ടം എന്ന നിലക്ക് വിദേശത്ത് താമസിക്കുന്ന് പ്രവാസി മലയാളികള്‍ക്ക് ഐ.ഡി. കാര്‍ഡികള്‍ ലഭ്യമാക്കും. 18 വയസ്സ് പൂര്‍ത്തിയാക്കിയതും ആറു മാസത്തിലേറെയായി വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുകയോ ആയ വിദേശ റെസിഡന്റെ പെര്‍മിറ്റ് കൈവശമുള്ള എല്ലാ പ്രവാസി മലയാളികള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

ഒരു കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ വിദേശത്താണെങ്കില്‍ അവര്‍ക്കെല്ലാവര്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ അനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. പ്രവാസി മലയാളിക്കോ, അദ്ദേഹത്തിന്റെ പേരില്‍ കുടംബാംഗങ്ങള്‍ക്കോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷയുടെ മാതൃക ജില്ലാ പഞ്ചായത്ത് ആപ്പീസുകളിലും, മുന്‍സിപ്പാലിറ്റി ആപ്പീസുകളിലും, കോര്‍പ്പറേഷന്‍ ആപ്പീസുകളിലും ലഭ്യമാണ്. അപേക്ഷകള്‍ സൌജന്യമായാണ് ലഭ്യമാക്കുന്നത്.

പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, കൌണ്‍ന്‍സിലര്‍ ഇവരില്‍ ആരുടെയെങ്കിലും ഒപ്പും സീലും സഹിതം വേണം സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നൂം അറ്റസ്റ്റ് ചെയ്യാവുന്നതാണ്.

കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ കോഴിക്കോട് ആപ്പീസിലും - തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ എറണാകുളം ആപ്പീസിലും - ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ തിരുവനന്തപുരം ഹെഡ്ഡാപ്പീസിലും സമര്‍പ്പിക്കാവുന്നതാണ്.

ഐ.ഡി. കാര്‍ഡ് ലഭിക്കാനുള്ള 200രൂപ അപേക്ഷക്കൊപ്പം കൊടിക്കേണ്ടതാണ്.

അപേക്ഷാഫോറം (വിദേശം)ഇവിടെ ക്ലിക്ക് ചെയ്യുക

http://www.norkaroots.net/images/id_card/Application_for_NRK_ID_Card.pdf



അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടവ

**********************************

1. പാസ്പ്പോര്‍ട്ട് കോപ്പി

2. വിസ കൊപ്പി

3. ഐ.ഡി. കാര്‍ഡ് കോപ്പി

4. പാസ്പ്പോര്‍ട്ട് സൈസ് ഒരു ഫോട്ടോ

5. പാസ്പോര്‍ട്ടിന്റെ താളുകളുടെ സ്വയം അറ്റസ്റ്റ് ചെയ്ത കോപ്പി

6. റേഷന്‍ കാര്‍ഡിന്റെ കോപ്പി (ലഭ്യമാണെങ്കില്‍)

7. രെജിസ്ട്രേഷന്‍ ഫീസ്സായ 200രൂ‍പ (ക്യാഷ് അല്ലെങ്കില്‍ ഡി.ഡി.)

പ്രവാസി ഐ.ഡി. കാര്‍ഡിന്റെ പ്രയോജനങ്ങള്‍

****************************************

1. പ്രവാസി മലയാളികള്‍ക്ക് സ്വന്തം ഐഡിന്റിറ്റി തെളിയിക്കാന്‍ കഴിയും

2. ന്യൂ ഇന്ത്യാ‍ അഷൂറന്‍സ് കമ്പനിയുടെ മൂന്നു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നു.

3. തിരഞ്ഞെടുക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങല്‍ വാങ്ങുമ്പോള്‍ ഈ കാര്‍ഡ് ഉപയോഗിച്ച് വിലക്കുറവ് നേടാവുന്നതാണ്.


ഐ. ഡി. കാര്‍ഡ് സെല്ലുകളുടെ വിലാസം ചുവടെ കൊടുക്കുന്നു

*******************************************************

കാസര്‍കോട് - കണ്ണൂര്‍ - വയനാട് - കോഴിക്കോട് - മലപ്പുറം - പാലക്കാട്

-------------------------------------------------------------------------------

ID CARD CELL

Norka-Roots Regional Office

Certificate Authentication Centre

2nd Floor

Zamorine Squire

Link Road

Kozhikkode

Phone - 0091 495 2304882

- 0091 495 2304885


തൃശൂര്‍ - എറണാംകുളം - കോട്ടയം - ആലപ്പുഴ

---------------------------------------------------

ID CARD CELL

Norka-Roots Regional Office

Certificate Authentication Centre

Door No. 41/131-B

V.M. Complex

C.P. Ummer Road

Ernakulam

Phone - 0091 484 2371830
- 0091 484 2371810

ഇടുക്കി - പത്തനംതിട്ട - കൊല്ലം- തിരുവനന്തപുരം

------------------------------------------------------

ID CARD CELL

Norka-Roots (Head Office)

Centre Plaza

Vazhuthanakkad

Thiruvananthapuram

Phone - 0091 471 2332416

- 0091 471 2332452

ഡി. ഡി. എടുക്കേണ്ട വിലാസ്സം

---------------------------------

Chief Executive Office

Norka-Roots

Thiruvananthapuram


അപേക്ഷാഫോറം (വിദേശം)ഇവിടെ ക്ലിക്ക് ചെയ്യുക

---------------------------------------------------------

http://www.norkaroots.net/images/id_card/Application_for_NRK_ID_Card.pdf


*******************************